ഇ.പിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ;ആരോപണങ്ങൾ ആസൂത്രിത പദ്ധതിയുടെ ഭാഗമെന്ന്  ഇ.പി

അതെസമയം ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് വിവാദ ഇടനിലക്കാരൻ നന്ദകുമാർ പ്രതികരിച്ചു. ഇ.പി കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലോ ഗൾഫിലോ പോയിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു.

author-image
Greeshma Rakesh
Updated On
New Update
shobha-surendran

ep jayarajan and shobha surendran

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ.ദല്ലാൾ നന്ദകുമാറാണ് തന്നെ ഇ.പി. ജയരാജനുമായി പരിചയപ്പെടുത്തിയതെന്നും നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നുതവണ ഇ.പിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽവെച്ചും പിന്നീട് ഡൽഹി ലളിത് ഹോട്ടലിൽവച്ചും മൂന്നാമത് തൃശ്ശൂർ രാമനിലയത്തിലും കൂടിക്കാഴ്ച നടന്നതായി അവർ പറഞ്ഞു.

ഇ.പി.ക്ക്  ബി.ജെ.പി.യിൽ ചേരാൻ താത്പര്യമുണ്ടെന്ന് പറഞ്ഞാണ് നന്ദകുമാർ തന്നെ സമീപിച്ചതെന്ന് ശോഭ സുരേന്ദ്രൻ പറയുന്നു.സി.പി.എം സംസ്ഥാന സെക്രട്ടറിസ്ഥാനം ലഭിക്കാത്തതിലുള്ള ദുഃഖവും അമർഷവും ഇ.പിക്കുണ്ടായിരുന്നു.തന്നെക്കാൾ ജൂനിയറായ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന്റെ അനിഷ്ടവും വേദനയും ഇ.പി തുറന്നുപറഞ്ഞു.പാർട്ടിക്കു വേണ്ടി കഷ്ടപ്പാടും ബുദ്ധിമുട്ടും കൂടുതൽ സഹിച്ചതു താനാണെന്നും ഇപി പറഞ്ഞതായും ശോഭ പറഞ്ഞു. ഡൽഹിയിൽ പാർട്ടിയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന മുതിർന്ന നേതാക്കളിലൊരാളെ വിശദമായി ധരിപ്പിച്ചു. അവിടുന്ന് അനുകൂലസൂചന ലഭിച്ചതിനുശേഷമാണ് ഡൽഹിയിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്നും അവർ വ്യക്തമാക്കി.

2023 ജനുവരിയിലാണ് ഡൽഹി ലളിത് ഹോട്ടലിൽ വെച്ച് ചർച്ച നടത്തിയതെന്ന് ശോഭ സുരേന്ദ്രൻ പറയുന്നു. ബി.ജെ.പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരുന്നു കൂടിക്കാഴ്ച.ഹോട്ടലിൽ സംസാരിച്ചിരിക്കെ ഇ.പിക്ക് ഫോൺ വന്നു. അതോടെ അദ്ദേഹം ആകെ പരിഭ്രാന്തനായി. അന്ന് രാത്രി ഇ.പി തീരുമാനത്തിൽ മാറ്റംവരുത്തയെന്നാണ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ.

അതെസമയം ഇതെല്ലാം നിഷേധിച്ച് ഇ.പി ജയരാജൻ രം​ഗത്തെത്തി.ശോഭാ സുരേന്ദ്രനെ താൻ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇ.പി. ജയരാജൻ ആവർത്തിച്ചു.തനിക്കെതിരായ ആരോപണങ്ങൾ ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും മാധ്യമങ്ങൾ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ.പി ആവശ്യപ്പെട്ടു. എന്നെപോലൊരാൾ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ഇ.പി. ജയരാജൻ തള്ളി. അൽപ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ? ഞാൻ ബി.ജെ.പിയിൽ ചേരുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോയെന്നും ഇ.പി ചോദിച്ചു.

മാത്രമല്ല , ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് വിവാദ ഇടനിലക്കാരൻ നന്ദകുമാർ പ്രതികരിച്ചു. കൂടിക്കാഴ്ചയിൽ ഇ.പിക്ക് ഒരു റോളുമില്ല. ഇ.പിയുടെ മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. അതിൽ ശോഭയില്ലായിരുന്നു. അവർക്കു പങ്കുമില്ല. ഇ.പി കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലോ ഗൾഫിലോ പോയിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു.

kerala news ep jayarajan Shobha surendran