ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മാതാപിതാക്കളെ ഉള്‍പ്പെടെ നഷ്ടമാവുകയും വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ മരണപ്പെടുകയും ചെയ്ത ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആവശ്യമുന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ ഒമ്പത് പേരെ നഷ്ടമായ പെണ്‍കുട്ടിയാണ് ശ്രുതി. ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്നും കരകയറാന്‍ ശ്രുതിക്ക് താങ്ങും തണലുമായി നിന്നത് പ്രതിശ്രുത വരന്‍ ജെന്‍സനാണ്. കല്‍പ്പറ്റ വെള്ളാരംകുന്നിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ജെന്‍സനും മരിച്ചു. അക്ഷരാര്‍ഥത്തില്‍ ശ്രുതി ഒറ്റയ്ക്കായി.
കഠിനമായ പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകുന്ന ശ്രുതിക്ക് ഈ സങ്കടകാലത്തെ അതിജീവിക്കാന്‍ കഴിയണം. അതിന് നമ്മള്‍ ശ്രുതിയെ ചേര്‍ത്തു പിടിക്കണം.ശ്രുതിയുടെ ഭാവി ജീവിതത്തിന് ഒരു ജോലി അനിവാര്യമാണ്. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.