/kalakaumudi/media/media_files/2025/08/07/sw-2025-08-07-16-51-55.jpg)
കൊച്ചി: അശ്ലീല സിനിമകളില്‍ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും ഇതിന്റെ രംഗങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് നടി ശ്വേത മേനോനെതിരെ റജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയ എറണാകുളം സിജെഎം കോടതിയില്‍നിന്നു നടപടികള്‍ സംബന്ധിച്ച് ജസ്റ്റിസ് വി.ജി.അരുണ്‍ റിപ്പോര്‍ട്ട് തേടി. സര്‍ക്കാരിനു നോട്ടിസയ്ക്കാനും കോടതി നിര്‍ദേശിച്ചു. കേസിന്റെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്വേത മേനോന്‍ നല്‍കിയ പരിഗണിച്ചാണു കോടതി നിര്‍ദേശം.
പരാതി ലഭിച്ചാല്‍ ബിഎന്‍എസ്എസ് പ്രകാരം ആദ്യം അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്ന് റിപ്പോര്‍ട്ട് തേടേണ്ടതുണ്ട്. എന്നാല്‍ ഇതടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സിജെഎം കോടതിയുടെ നടപടി എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. സിജെഎം കോടതിയുടെ ഉത്തരവിനു പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യപ്രവര്‍ത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
കേസ് സംബന്ധിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലും രേഖകള്‍ ഒന്നുമില്ലെന്നും 'റഫേഡ്' എന്നുമാത്രമേ പറയുന്നുള്ളൂ എന്നും ശ്വേതയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ അടുത്തു വച്ച് ചില രംഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു കണ്ടെന്നാണ് പറയുന്നത്. 30 വര്‍ഷം മുമ്പ് അഭിനയിച്ച സിനിമയിലെ കാര്യങ്ങളൊക്കെയാണു പറയുന്നത്.
മികച്ച നടിക്കുള്ള പുരസ്‌കാരം കിട്ടിയ വേഷമൊക്കെയാണു പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഒറ്റനോട്ടത്തില്‍തന്നെ, പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധവും സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമാണെന്നു വ്യക്തമാണ്. എന്നിട്ടും കേസെടുക്കാന്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദേശം നല്‍കിയത് മനസ്സിരുത്താതെയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
അമ്മ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാലാണു തനിക്കെതിരെയുള്ള കേസ് എന്ന് ശ്വേതാ മേനോന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാകാന്‍ സാധ്യതയുണ്ടായിരുന്ന തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണു പരാതി.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത വരുന്ന കാര്യത്തില്‍ ഏറെക്കുറെ സമവായമുണ്ടാവുകയും താന്‍ മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നു ശ്വേത പറയുന്നു. ജൂലൈ 31 ആയിരുന്നു പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി. എന്നാല്‍ താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനാല്‍ പത്രിക പിന്‍വലിച്ചില്ല. അന്നു തന്നെയാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് എന്നതും ഹര്‍ജിയില്‍ ശ്വേത മേനോന്‍ ചൂണ്ടിക്കാട്ടി. ഈ മാസം 15നാണ് അമ്മ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്.