കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ലൈംഗികാരോപണ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്ത് നാഹി. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം മൊഴി നൽകാൻ പോയതാണ്. ഫ്ലാറ്റിൽ എത്തി നോട്ടീസ് നൽകിയാണ് വിളിപ്പിച്ചത്. കസ്റ്റഡിയിൽ ആയിരുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെന്നും നാഹിപറഞ്ഞു. തിരുവനന്തപുരത്തു നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്തത്. സിദ്ദിഖ് എവിടെയെന്നാണ് അന്വേഷണ സംഘം ചോദിച്ചതെന്നും നാഹിപറഞ്ഞു.
അതേസമയം പിതാവ് എവിടെയാണെന്ന് അറിയിച്ചില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി ഷഹിൻ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം വീട് രണ്ട് തവണ പരിശോധിച്ചിട്ടുണ്ടെന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തന്നോട് എസ്‌ഐടി മോശമായി പെരുമാറിയിട്ടില്ലെന്നും എന്നാൽ ഈ ഭീഷണി ന്യായീകരിക്കാൻ പറ്റില്ലെന്നും ഷഹീൻ വ്യക്തമാക്കി.
ഷഹീനിന്റെ സുഹൃത്തുക്കളായ മലപ്പുറം സ്വദേശി നദീറിനെയും എറണാകുളം സ്വദേശിയെയുമാണ് ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചത്. ഇവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതാണെന്ന് കുടുംബം ആരോപണം ഉന്നയിക്കുകയായിരുന്നു. പുലർച്ചെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്ന് പുലർച്ചയാണ് ഇരുവരെയും വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തതെന്നും കുടുംബം ആരോപിച്ചു. പൊന്നാനിയിലേക്ക് സിദ്ദിഖിന്റെ കാർ കൊണ്ടുപോയത് ഈ സുഹൃത്തുക്കളാണെന്ന വിവരത്തെ തുടർന്നാണ് പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാൽ ഇവരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.