കൊച്ചി: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖ് ചൊവ്വാഴ്ച അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ടോടെ കൊച്ചിയിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവിൽ പോയ സിദ്ദിഖ് തിരിച്ചെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടാഴ്ചത്തേക്കാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം ബലാത്സംഗ കേസിൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് നിയമമോപദേശം തേടിയിട്ടുണ്ട്.
എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. മകനൊപ്പം എത്തിയ നടൻ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാനും തയ്യാറായില്ല.
നോട്ടീസ് ലഭിക്കാതെ സിദ്ദിഖ് സ്വമേധയാ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകില്ല എന്നാണ് സൂചന. ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിട്ടുമില്ല. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥകൾ സെഷൻസ് കോടതിക്ക് തീരുമാനിക്കാം. ഈവിധത്തിൽ മുൻകൂർ ജാമ്യം നേടിയ മുകേഷിനെയും ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു.