കൊച്ചി: ബലാത്സംഗ കേസിൽ പൊലീസ് തിരയുന്ന നടൻ സിദ്ദിഖിന്റെ മൊബൈൽ ഫോൺ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി. ഇന്നലെ മുതൽ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോൺ ഇന്നു രാവിലെ മുതലാണ് ഓണായത്. എന്നാൽ ഇതിൽ വിളിച്ചവർക്കെല്ലാം, എൻഗേജ്ഡ് സന്ദേശമാണ് ലഭിച്ചത്. ഫോണിന്റെ ലൊക്കേഷൻ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഫോൺ സിദ്ദിഖിന്റെ പക്കൽ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല. ലൊക്കേഷൻ വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് ശ്രമത്തിലാണ് പൊലീസ് സംഘം.
മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖിന്റെ ഫോണുകൾ ഓഫ് ആയത്. അതിനു ശേഷം സിദ്ദിഖുമായി ബന്ധപ്പെടാൻ പൊലീസിനായിട്ടില്ല. സിദ്ദിഖിന്റെ അവസാന ടവർ ലൊക്കേഷൻ കൊച്ചി വിമാനത്താവളത്തിനു സമീപമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം മൊബൈൽ ഫോണുകൾ ഓഫ് ആയതിനാൽ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. അതേസമയം സിദ്ദിഖിനെ കണ്ടെത്താൻ സിനിമാ രംഗത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്, പൊലീസ് സംഘം.
ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഇരുപത്തിനാലു മണിക്കൂറോളം പിന്നിട്ടിട്ടും നടനെക്കുറിച്ച് സൂചനയൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നലെ വരുമെന്ന് അറിവുണ്ടായിട്ടും പൊലീസ് മുൻകരുതൽ നടപടികൾ എടുത്തില്ലെന്ന വിമർശനവും ശക്തമാണ്. അതേസമയം അറസ്റ്റ് എന്നൊരു സാധ്യത ഈ കേസിൽ പരിഗണിച്ചിട്ടില്ല.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സിദ്ദിഖ് ഇന്നു സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇന്നലെ മുതിർന്ന അഭിഭാഷകരുമായി സിദ്ദിഖുമായി അടുപ്പമുള്ളവർ ചർച്ച നടത്തിയിരുന്നു. അതിനിടെ സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി. സിദ്ദിഖിനെതിരെ സർക്കാരും തടസ്സ ഹർജിയുമായിയ കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.
ഹെക്കോടതി മുൻകൂർ ജാമ്യഹർജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന തുടർന്നു.