തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെയുള്ള കേസിൽ യുവനടി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. സിനിമയെക്കുറിച്ച് ചർച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിലെ റിസപ്ഷനിൽ അതിഥി രജിസ്റ്ററിൽ ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി മൊഴി നൽകി.
2016-ൽ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററിൽ നടന്നിരുന്നു. അതിനുശേഷമാണ് സിനിമാ ചർച്ചയ്ക്കായി സിദ്ദിഖ് ക്ഷണിച്ചത്. റിസപ്ഷനിൽ ആരെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങൾ എഴുതി ഒപ്പുവെച്ച ശേഷമാണ് മുറിയിലേക്ക് പോയത്. ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി. ആ മുറിയിൽ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് നടി മൊഴി നൽകിയിട്ടുണ്ട്.
നിള തിയേറ്ററിൽ നടന്ന പ്രിവ്യൂ ഷോയിൽ അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന പെൺകുട്ടിയെ കണ്ടിരുന്നതായി സിദ്ദിഖ് നൽകിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നടിയുടെ മാതാപിതാക്കളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുക്കും. കേസിൽ നടിയുടെ രഹസ്യമൊഴി വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. മസ്‌കറ്റ് ഹോട്ടലിലെ സംഭവം നടന്ന സമയത്തെ റിസപ്ഷനിലെ രജിസ്റ്റർ ഹോട്ടൽ അധികൃതരോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.