ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെക്കുറിച്ച് നിർണായക വെളിപ്പെടുത്തൽ നടത്തി അന്വേഷണ സംഘം. സിദ്ദിഖിന്റെ മകൻ അടക്കം അന്വേഷണസംഘത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സംഘത്തിന്റെ വിശദീകരണം. മകന്റെ സുഹൃത്തുക്കൾ സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.
സിദ്ദിഖിന്റെ മകൻ ഷെഹീൻന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. അതേസമയം സിദ്ദിഖിന് സിം കാർഡും ഡോങ്കിളും എത്തിച്ചത് സിദ്ദിഖിന്റെ മകൻ ഷെഹീൻന്റെ സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരാണെന്നും അന്വേഷണ സംഘം പറഞ്ഞു.
സിദ്ദിഖ് സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതേകുറിച്ച് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും നിലവിൽ ഷഹീന്റെ രണ്ട് സുഹൃത്തുക്കളെയും വിട്ടയച്ചുവെന്നും അന്വേഷണം സംഘം അറിയിച്ചു. അതേസമയം അന്വേഷണ സംഘത്തിനെതിരെ സിദ്ദിഖിന്റെ മകൻ ഷെഹീൻ രംഗത്തെത്തിയിരുന്നു.
സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഷെഹീൻന്റെ ആരോപണം. സിദ്ദിഖിന്റെ വിവരം നൽകണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്നും ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയെന്നും ഷെഹീൻ പറഞ്ഞു.