തളരാത്ത പോരാട്ട വീര്യത്തിലേക്ക് ഇരുമ്പാഴ്ന്നിറങ്ങിയ 42 വര്‍ഷങ്ങള്‍

സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്സ് എന്ന വിപ്ലവകാരി. നിയമ വിദ്യാര്‍ഥിയായിരിക്കെ 1983 ഒക്ടോബര്‍ 14 ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപത്തായിരുന്നു എതിരാളികളുടെ കുത്തേറ്റുവീണത്.

author-image
Biju
New Update
symn

കൊച്ചി: കേരളത്തിലെ ക്യാംപസ് രാഷ്ട്രീയം അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ദിവസമായിരുന്നു 1983 ഒക്ടോബര്‍ 14. ഒരു ധീര വിപ്ലവകാരിയെ തന്റെ നല്ലകാലം മുഴുവന്‍ ചക്രക്കസേരയില്‍ ജീവിക്കാന്‍ വിട്ട ക്രൂരതയുടെ ക്യാമ്പസ് രാഷ്ട്രീയം. 

സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്സ് എന്ന വിപ്ലവകാരി. നിയമ വിദ്യാര്‍ഥിയായിരിക്കെ 1983 ഒക്ടോബര്‍ 14 ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപത്തായിരുന്നു എതിരാളികളുടെ കുത്തേറ്റുവീണത്.

അതിജീവനത്തിന്റെയും സമരോത്സുകതയുടെയും ഉദാഹരണമായി ബ്രിട്ടോ നമുക്കിടയില്‍ നിറഞ്ഞുനിന്നു. തന്റെ അനുഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും അദ്ദേഹം പുതിയ തലമുറയ്ക്ക് ആവേശവും പ്രചോദനവും  പകര്‍ന്നു കൊണ്ടിരുന്നു. വിശ്രമമില്ലാതെ അവസാന നിമിഷം വരെ അദ്ദേഹം ആശയപ്രചാരണ രംഗത്തുണ്ടായിരുന്നു. 

ശരീരം തളര്‍ന്ന ശേഷമാണ് ബ്രിട്ടോ സാഹിത്യരചനയില്‍ മുഴുകിയത്. അദ്ദേഹത്തിന്റെ കൃതികള്‍ വായനക്കാരുടെ വലിയ അംഗീകാരം പിടിച്ചുപറ്റി. നിയമസഭാംഗമെന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രിട്ടോ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ വിദ്യാര്‍ത്ഥികള്‍ക്കും യുവതലമുറയ്ക്കും എന്നും ആവേശമായിരിക്കും.

എറണാകുളം നഗരത്തില്‍ വടുതലയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഐറിന്‍ റോഡ്രിഗ്സിന്റെയും മകനായാണ് സൈമണ്‍ ബ്രിട്ടോ ജനിച്ചത്. വിദ്യാഭ്യാസം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലും ബിഹാറിലെ മിഥില സര്‍വകലാശാലയിലും. കേരളത്തില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയായിരിക്കേ എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായി.

എറണാകുളം മഹാരാജാസ് കോളേജിലെ ഒരു തിരഞ്ഞെടുപ്പു കാലം. കെഎസ്‌യു കുത്തകയായി കരുതിയ ക്യാംപസ്. അടിയന്തരാവസ്ഥക്കു ശേഷം നടന്ന ആദ്യ കലാലയ തിരഞ്ഞെടുപ്പ്. പിന്നീട് കേരള രാഷ്ട്രീയത്തിനു ചുക്കാന്‍ പിടിച്ച പി.ടി.തോമസ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കെഎസ്‌യു ഇവിടെ ശക്തമായിരുന്നു. എസ്എഫ്‌ഐ ക്യാംപസില്‍ ശക്തമാകുന്ന കാലം. തിരിച്ചടിയുണ്ടാകുമോ എന്ന ഭീതിയിലായി കെഎസ്യു നേതൃത്വം.

അതേസമയം, എസ്എഫ്‌ഐ തിരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പിച്ചത് അന്നത്തെ സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ലോ കോളജ് വിദ്യാര്‍ഥിയുമായിരുന്ന സൈമണ്‍ ബ്രിട്ടോയെ. കെഎസ്‌യു ഭയന്ന പോലെ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേട്ടം കൊയ്തു.

വിജയാഹ്ലാദത്തിന്റെ പേരില്‍ എസ്എഫ്‌ഐയും തോല്‍വിയുടെ പേരില്‍ കെഎസ്‌യുവും കലാലയത്തിലും പരിസരങ്ങളിലും ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ആശയപ്പോരാട്ടങ്ങള്‍ ആയുധങ്ങള്‍ക്കൊണ്ടുള്ള തീക്കളിയിലേക്കു നീങ്ങുന്നതാണു പിന്നെ കേരളം കണ്ടത്.

ഇതിനിടെ നിരവധി കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലായി. സഹപാഠികള്‍ക്കൊപ്പം ജനറല്‍ ആശുപത്രി കാഷ്വാലിറ്റിയില്‍ നില്‍ക്കുമ്പോഴാണ് എതിരാളികള്‍ മനുഷ്യത്വം ഒട്ടുമില്ലാതെ ബ്രിട്ടോയെ കുത്തി വീഴ്ത്തിയത്. നെഞ്ചും കരളും ഹൃദയവും ശ്വാസകോശവും എല്ലാം തുളച്ച് കത്തി നട്ടെല്ലിലേയ്ക്ക് ആഴ്ന്നിറങ്ങി.

മരണത്തിന്റെ പടിവാതിലില്‍ ബ്രിട്ടോ തളര്‍ന്നു വീണു പിടച്ചു. പക്ഷെ മരണ സാഹചര്യങ്ങളെ അതിജീവിച്ചു. നാലു ചുവരുകള്‍ക്കുള്ളില്‍ പതിറ്റാണ്ടു നീണ്ട ചികില്‍സകള്‍ക്കൊടുവില്‍ അരയ്ക്കു താഴോട്ടു തളര്‍ന്ന ശരീരവുമായി ബ്രിട്ടോ ഉയര്‍ത്തെഴുന്നേറ്റു. ജീവിതം ചക്രക്കസേരയിലേയ്ക്കു വലിച്ചെറിയപ്പെട്ടിട്ടും ഒട്ടും പതറാതെ വ്യക്തമായ ആശയതെളിമയോടും രാഷ്ട്രീയ ബോധ്യത്തോടെയുമായിരുന്നു ബ്രിട്ടോയുടെ ജീവിതം.

കേരളത്തില്‍ ക്യാംപസ് രാഷ്ട്രീയത്തിന് ഓരോ ഇരകള്‍ പിറക്കുമ്പോഴും സൈമണ്‍ ബ്രിട്ടോ എന്ന ജീവിക്കുന്ന രക്തസാക്ഷിയെ ഏവരും ഓര്‍ത്തു. വീല്‍ചെയറില്‍ മൂന്നര പതിറ്റാണ്ടിലേറെക്കാലം ബ്രിട്ടോ പിന്നിട്ടത് ഊര്‍ജ്വസ്വലത നഷ്ടപ്പെടുത്താതെ തിളങ്ങിനില്‍ക്കുന്ന രക്തനക്ഷത്രമായിട്ടായിരുന്നു. എഴുത്തിന്റെയും വായനയുടെയും യാത്രകളുടെയും ലോകത്ത് ബ്രിട്ടോ പുതിയ പാതകള്‍ കണ്ടെത്തി. 

പത്തുവയസ്സുള്ളപ്പോള്‍ മുതല്‍ കഥകളെഴുതാന്‍ തുടങ്ങിയിരുന്നു. സത്യദാനം, അന്വേഷണം, മാതൃഭൂമി വാരികയിലെ ബാലപംക്തി തുടങ്ങി പലതിലും കഥകള്‍ അച്ചടിച്ചുവന്നു. ബാല്യകാലം ചെലവഴിച്ച പോഞ്ഞിക്കരയിലെ വീടിന്റെ അയല്‍ക്കാരനായിരുന്ന പ്രശസ്ത എഴുത്തുകാരന്‍ പോഞ്ഞിക്കര റാഫി എഴുത്തിലും വായനയിലും ഏറെ പ്രചോദനം നല്‍കി. രണ്ടു നോവലുകള്‍ രചിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്ന സീന ഭാസ്‌കര്‍ പിന്നീട് ബ്രിട്ടോയുടെ ജീവിതസഖിയായി.

cpim