വാന്‍ ഹയി കപ്പലില്‍ വെള്ളം കയറുന്നു; കപ്പല്‍ മുങ്ങുമോയെന്ന് ആശങ്ക

തീ പിടുത്തത്തിലുണ്ടായ സുഷിരങ്ങളിലൂടെ മഴ വെള്ളം അകത്തു കയറുന്നതാണ് സുരക്ഷാഭീഷണി ഉയര്‍ത്തുന്നത്. എന്‍ജിന്‍ റൂമില്‍ നിറഞ്ഞ വെള്ളം പമ്പു ചെയ്തു നീക്കാനുള്ള ശ്രമങ്ങളിലാണ് രക്ഷാപ്രവര്‍ത്തകര്‍

author-image
Biju
New Update
KAPPALsd

കൊച്ചി: അറബിക്കടലില്‍ തീപിടിച്ച സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹയി 503യുടെ എന്‍ജിന്‍ റൂമില്‍ വെള്ളം നിറയുന്നതും പല ഭാഗങ്ങളിലായി തീ അണയാതിരിക്കുന്നതും മൂലം കപ്പല്‍ മുങ്ങിയേക്കുമോ എന്ന് ആശങ്ക. തീ അണയ്ക്കാനായി വെള്ളവും രാസവസ്തുക്കളും തുടര്‍ച്ചയായി പമ്പു ചെയ്യുകയും തീ പിടിച്ച ഭാഗങ്ങള്‍ തണുപ്പിക്കുകയും ചെയ്യുന്നുണ്ട്.

തീ പിടുത്തത്തിലുണ്ടായ സുഷിരങ്ങളിലൂടെ മഴ വെള്ളം അകത്തു കയറുന്നതാണ് സുരക്ഷാഭീഷണി ഉയര്‍ത്തുന്നത്. എന്‍ജിന്‍ റൂമില്‍ നിറഞ്ഞ വെള്ളം പമ്പു ചെയ്തു നീക്കാനുള്ള ശ്രമങ്ങളിലാണ് രക്ഷാപ്രവര്‍ത്തകര്‍. കപ്പലിന് കഴിഞ്ഞ ദിവസം 4 ഡിഗ്രി ചെരിവ് കണ്ടെത്തിയിരുന്നു. വെള്ളം നിറയുന്നതു മൂലം ചെരിവ് വര്‍ധിക്കുമോ എന്നതാണ് ആശങ്ക.

കനത്ത മഴയും മോശം കാലാവസ്ഥയും ശക്തമായ കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. കാറ്റ് ചിലപ്പോള്‍ മണിക്കൂറില്‍ 77 കിലോമീറ്റര്‍ വരെയാകുന്നു. കപ്പലിന്റെ നമ്പര്‍ 4 ഹോള്‍ഡ് ഭാഗങ്ങളില്‍ വീണ്ടും തീ ആളുന്നുണ്ട്. ബേ 3335ല്‍ നിന്ന് കറുത്ത പുക വമിക്കുകയും ചെയ്യുന്നു. ടഗ്ഗുകളായ സക്ഷവും വാട്ടര്‍ ലില്ലിയുമാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഓഫ്‌ഷോര്‍ വാരിയര്‍ കപ്പലിനെ ഇപ്പോഴും കെട്ടിവലിച്ചു നിര്‍ത്തിയിരിക്കുന്നു. ആലപ്പുഴകായംകുളം തീരത്തു നിന്ന് 77 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് ഇപ്പോള്‍ കപ്പല്‍.

കഴിഞ്ഞ 17 ദിവസമായി തുടരുന്ന അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ച്ചയായി കപ്പലിലേക്ക് വെള്ളം പമ്പു ചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ഡെക്കില്‍ തീപിടിച്ചുണ്ടായ ദ്വാരത്തിലൂടെ മഴവെള്ളം ഉള്ളിലെത്തിയതും. ഇതും ഇവിടെ കെട്ടിക്കിടക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് കേടുപാടുണ്ടായ ചില ഭാഗങ്ങളിലൂടെയും വെള്ളം ഉള്ളിലേക്കു കടക്കുന്നുണ്ട്.

വള്ളം കൂടുതലായി അകത്തേക്ക് എത്തുന്നത് കപ്പലിന്റെ ചെരിവ് കൂടാനും ഒപ്പം ചട്ടക്കൂടിന്റെ ഉറപ്പിനു ഭീഷണിയുമാണ്. ഇതിനാല്‍, കപ്പലിന്റെ ഇരു ഭാഗങ്ങളില്‍ നിന്നും വെളളം പമ്പു ചെയ്തു കളയാനാണ് ശ്രമം. കപ്പലിലേക്ക് ഇറങ്ങാന്‍ സുരക്ഷാ ഭീഷണിയുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ ഇതിനുള്ള ശ്രമവും നടത്തിക്കൊണ്ടിരിക്കുന്നു.

കപ്പലിനെ കെട്ടിവലിച്ച് ഏതെങ്കിലും തുറമുഖത്തേക്ക് മാറ്റാനുള്ള ആലോചനകളും ഇതിനിടെ പുരോഗമിച്ചിരുന്നു. എന്നാല്‍ കപ്പല്‍ മുങ്ങുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാവും തുറമുഖത്തേക്ക് മാറ്റുക. നിലവിലെ സാഹചര്യത്തില്‍ തുറമുഖത്തേക്ക് മാറ്റിയാല്‍ മാത്രമേ കപ്പലിലെ ഇന്ധനമടക്കം പുറത്തെടുക്കാന്‍ സാധിക്കൂ.