ക്ഷേത്രങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്: ഹൈക്കോടതി

നിയമലംഘനമുണ്ടായാല്‍ ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളടക്കമുള്ളവര്‍ക്കെതിരേ കര്‍ശനനടപടിവേണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി ദേവസ്വം കമ്മിഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണം

author-image
Biju
New Update
highcourt of kerala

കൊച്ചി: ക്ഷേത്രങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശംനല്‍കി. രാഷ്ട്രീയാവശ്യങ്ങള്‍ക്ക് മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്ന റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് മിസ്യൂസ്) നിയമം കര്‍ശനമായി പാലിക്കണമെന്നാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

നിയമലംഘനമുണ്ടായാല്‍ ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളടക്കമുള്ളവര്‍ക്കെതിരേ കര്‍ശനനടപടിവേണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി ദേവസ്വം കമ്മിഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണം. കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രം ഉത്സവത്തില്‍ വിപ്ലവഗാനം പാടിയതിനെതിരായ ഹര്‍ജിയിലാണ് ഉത്തരവ്.

മാധ്യമവാര്‍ത്തകളടക്കം പരിശോധിച്ചശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ സംഗീതപരിപാടിക്കിടെ എല്‍ഇഡി വാളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഡിവൈഎഫ്‌ഐയുടെയും ചിഹ്നം പ്രദര്‍ശിപ്പിച്ചതായി പറയുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 10-നായിരുന്നു സംഭവം.

ഇതിനെതിരേ അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എസ്. വികാസും സര്‍ക്കാരും എതിര്‍സത്യവാങ്മൂലം നല്‍കാന്‍ സമയംതേടി. ഹര്‍ജി ഏപ്രില്‍ 10-ന് വീണ്ടും പരിഗണിക്കും.

റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് മിസ്യൂസ്) നിയമപ്രകാരം മതസ്ഥാപനത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള സ്ഥലമാക്കിയാല്‍ അഞ്ചുവര്‍ഷംവരെ തടവിനും പിഴയ്ക്കും ശിക്ഷിക്കാം.

19 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായയാള്‍ എങ്ങനെയാണ് ക്ഷേത്രോപദേശകസമിതി പ്രസിഡന്റാകുന്നതെന്നും ഹര്‍ജി പരിഗണക്കവെ കോടതി ആരാഞ്ഞു. പലതും രാഷ്ട്രീയക്കേസുകളാണെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റിന്റെ അഭിഭാഷക വിശദീകരിച്ചെങ്കിലും കോടതി തള്ളി. പരാപാടിക്ക് എങ്ങനെയാണ് പണം സമാഹരിച്ചതെന്നും ആരാഞ്ഞു.

highcourt of kerala