ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു

ആറു പതിറ്റാണ്ടായി മലയാളി പി ജയചന്ദ്രന്റെ ഗാനങ്ങളിലൂടെ പ്രണയവും വിരഹവും ഭക്തിയുമൊക്കെ അനുഭവിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ത്തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 

author-image
Rajesh T L
Updated On
New Update
p jayachandran

പി ജയചന്ദ്രന്‍


തൃശൂര്‍: മലയാളികളുടെ പ്രിയ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. അമല ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. 

ആറു പതിറ്റാണ്ടായി മലയാളി പി ജയചന്ദ്രന്റെ ഗാനങ്ങളിലൂടെ പ്രണയവും വിരഹവും ഭക്തിയുമൊക്കെ അനുഭവിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ത്തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 

മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും നേടി. കേരള സര്‍ക്കാരിന്റെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. 

ഭാര്യ ലളിത. മകള്‍ ലക്ഷ്മി. മകന്‍ ഗായകന്‍ കൂടിയായ ദിനനാഥന്‍. 

തൃപ്പൂണിത്തുറ കോവിലകത്തെ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാര്‍ച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രന്‍ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറി. 

കുട്ടിക്കാലത്ത് ചെണ്ടയും മൃദംഗവും പഠിച്ചു. ഗായകനായ അച്ഛനില്‍ നിന്നാണ് സംഗീതത്തോടുള്ള താല്‍പര്യം ജയചന്ദ്രന് കിട്ടിയത്.

ചേന്ദമംഗലത്തെ പാലിയം സ്‌കൂള്‍, ആലുവ സെന്റ് മേരീസ് ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട നാഷനല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 

1958 ല്‍ ആദ്യ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ജയചന്ദ്രന് മൃദംഗത്തില്‍ ഒന്നാംസ്ഥാനവും ലളിതഗാനത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്. 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം മദ്രാസില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറി. നിര്‍മാതാവ് ശോഭന പരമേശ്വരന്‍ നായരും സംവിധായകന്‍ എ. വിന്‍സെന്റുമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. ചെന്നൈയില്‍ ഒരു ഗാനമേളയില്‍ ജയചന്ദ്രന്റെ പാട്ടു കേട്ടാണ് അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചത്. 

1965 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയില്‍ പി.ഭാസ്‌കരന്‍ എഴുതി ചിദംബരനാഥ് സംഗീതം നല്‍കിയ 'ഒരു മുല്ലപ്പൂമാലയുമായി' എന്ന ഗാനം ആലപിച്ചായിരുന്നു തുടക്കം. ആ ചിത്രത്തിന്റെ റിലീസ് വൈകി. ജി.ദേവരാജന്‍ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ ഒരു ഗാനം നല്‍കി. 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന ഗാനം വമ്പന്‍ ഹിറ്റായി. മലയാള സിനിമയില്‍ ഭാവഗായകന്റെ തുടക്കമായിരുന്നു അത്.

 

singer obituary p jayachandran music