എസ്‌ഐആര്‍; വോട്ടര്‍പട്ടികയില്‍ പേരു ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ വെബ്സൈറ്റ് വഴിയോ (ceo.kerala.gov.in) , ബിഎൽഒമാർക്ക് നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം

author-image
Devina
New Update
siru

തിരുവനന്തപുരം: സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ( എസ്ഐആർ) ഭാഗമായി വോട്ടർപട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ വെബ്സൈറ്റ് വഴിയോ (ceo.kerala.gov.in) , ബിഎൽഒമാർക്ക് നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം.

സാധാരണ വോട്ടർമാരാകാൻ ഫോം 6, പ്രവാസി വോട്ടർമാരാകാൻ ഫോം എ 6 എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഫെബ്രുവരി 21 ന് പുറത്തിറങ്ങുന്ന എസ്‌ഐആർ അന്തിമ പട്ടികയുടെ ഭാഗമാകാൻ അവസരമുണ്ട്. ഇതു കഴിഞ്ഞും പേരു ചേർക്കാൻ അവസരം ഉണ്ടെങ്കിലും സപ്ലിമെന്ററി വോട്ടർ പട്ടികയിലാണ് ഉൾപ്പെടുത്തുക.

പേരു ചേർക്കാൻ ഇതുവരെ അപേക്ഷിച്ചത് 11 ലക്ഷത്തിലധികം പേരാണ്. ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി 14 വരെ തുടരും. 37 ലക്ഷത്തോലം പേരാണ് രേഖകൾ ഹാജരാക്കേണ്ടത്. 2002 ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവരാണ് രേഖ നൽകേണ്ടത്. കരട് പട്ടികയിൽ ഉൾപ്പെട്ടെങ്കിലും വിദേശത്തുള്ളവരും മരിച്ചവരുമടക്കം 9868 പേരെ അന്തിമ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇതിൽ 1441 പേർ എന്യൂമറേഷൻ കാലത്ത് മരിച്ചവരാണ്. 997 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരും 7430 പേർ മറ്റു സംസ്ഥാനങ്ങളിലേക്കോ മണ്ഡലങ്ങളിലേക്കോ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ അറിയിച്ചു. ബന്ധുക്കൾ എന്യൂമറേഷൻ ഫോം ഒപ്പിട്ട് നൽകിയതിനെത്തുടർന്നാണ് മരിച്ചവർ ഒഴികെയുള്ളവർ കരട് പട്ടികയിൽ ഉൾപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.