തന്ത്രിയുടെ ജാമ്യം; എസ്‌ഐടി ഹൈക്കോടതിയിലേക്ക്

ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. തന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന പരാമര്‍ശമടക്കം കോടതിയുടെ ഭാഗത്ത്നിന്നുണ്ടായിരുന്നു

author-image
Biju
New Update
thnthri

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചുള്ള കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയില്‍ എസ്ഐടി. പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും നിരീക്ഷണങ്ങള്‍ കേസിനെ ബാധിക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താനുമാണ് എസ്ഐടിയുടെ ശ്രമം. ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും. അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. തന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന പരാമര്‍ശമടക്കം കോടതിയുടെ ഭാഗത്ത്നിന്നുണ്ടായിരുന്നു. ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് പോയിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതാണ്. എന്നാല്‍ അതിന്റെ ലംഘനം കൊല്ലം വിജിലന്‍സ് കോടതിയുടെ ജാമ്യ ഉത്തരവിലുണ്ടെന്നാണ് എസ്ഐടി വിലയിരുത്തല്‍. നിയമവിദഗ്ധരുമായി എസ്ഐടി കൂടിയാലോചന നടത്തുന്നുണ്ട്. ഹൈക്കോടതിയിലേക്ക് എത്തിയാല്‍ ഈ പരാമര്‍ശങ്ങള്‍ നീക്കംചെയ്യാനും ജാമ്യം നല്‍കിയ ഉത്തരവ് ചോദ്യംചെയ്യാനുമുള്ള സാധ്യതയുണ്ടാകും. അതിനാല്‍തന്നെ നാളെ വിഷയത്തില്‍ എസ്ഐടി അന്തിമതീരുമാനത്തിലെത്തിച്ചേരുമെന്നാണ് സൂചന.

വിജിലന്‍സ് കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക സിംഗിള്‍ ബെഞ്ചിലേക്കായിരിക്കും തന്ത്രിയുടെ ജാമ്യ ഉത്തരവിനെതിരേ എസ്ഐടിക്ക് എത്താന്‍ കഴിയുക. ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനും കേസിന്റെ മെറിറ്റിലേക്ക് കടന്നുള്ള കോടതിയുടെ നിരീക്ഷണത്തില്‍ ഇടപെടല്‍ വേണമെന്നും എസ്ഐടി ആവശ്യപ്പെട്ടേക്കും.