/kalakaumudi/media/media_files/2026/02/24/ksebb-2026-02-24-15-41-57.jpg)
തിരുവനന്തപുരം: ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകളും എച്ച്ടി ഉപയോക്താക്കളും ഉൾപ്പെടെ 3 ലക്ഷം വൈദ്യുതി ഉപയോക്താക്കളെയാണ് സ്മാർട്ട് മീറ്ററിലേക്ക് മാറ്റുന്നത്.
195.30 കോടി രൂപയാണ് ചെലവ്. സർക്കാർ ഓഫീസുകൾ അല്ലാത്ത ഉപയോക്താക്കൾക്ക് സ്മാർട്ട് മീറ്റർ വരുന്നതോടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് മടക്കി നൽകുന്നതിന് പകരം അവസാന മാസത്തെ ബില്ലിലേക്ക് ഈ തുക ക്രമീകരിക്കും.
ശേഷിക്കുന്ന തുക പ്രീപെയ്ഡ് വോലറ്റിൽ ആദ്യ റീചാർജ് ആയി ചേർക്കും. പിന്നീട് ആവശ്യത്തിന് കെഎസ്ഇബി സ്മാർട്ട് പ്‌ളസ് ആപ്പ് വഴി റീചാർജ് ചെയ്യാം. ബാലൻസ് തീർന്നാൽ 24 മണിക്കൂർ ഗ്രേസ് സമയം ഉണ്ടാകും.
24 മണിക്കൂർ കഴിഞ്ഞാലും രാവിലെ 10 നും ഒന്നിനും ഇടയിൽ മാത്രമേ വൈദ്യുതി വിഛേദിക്കൂ. സ്മാർട്ട് മീറ്ററിനു തനിയെ വൈദ്യുതി വിഛേദിക്കാനും പുന:സ്ഥാപിക്കാനുമാകും.
റീചാർജ് ചെയ്താലുടൻ കണക്ഷൻ പുന:സ്ഥാപിക്കും. 6 മാസത്തിലേറെക്കാലം റീചാർജ് ചെയ്തില്ലെങ്കിൽ കണക്ഷൻ പൂർണമായി വിഛേദിക്കും. സ്മാർട്ട് മീറ്ററിന് മാസ വാടക ഈടാക്കും.
മീറ്റർ സ്വന്തമായി വാങ്ങുന്നവർക്ക് വാടകവും സെക്യൂരിറ്റി ഡിപ്പോസിറ്റും ഒഴിവാക്കും. നിലവിലെ താരിഫ് അനുസരിച്ചായിരിക്കും തുക ഈടാക്കുക. മാസാവസാനം യഥാർഥ ഉപയോഗം കണക്കാക്കി അന്തിമബിൽ തയ്യാറാക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
