ഓട നിർമാണത്തിനായി എടുത്ത കുഴികൾ
തിരുവനന്തപുരം: നീണ്ടുപോകുന്ന സ്മാർട് റോഡുകളുടെ നിർമാണം കാരണം ദുരിതത്തിലായി ചാലയിലെ വ്യാപാരികൾ. ഓട നിർമാണത്തിനായി കെട്ടിടങ്ങളുടെ അടിത്തറയോട് ചേർന്നാണ് കൂറ്റൻ കുഴികൾ എടുത്തതോടെ ഇരുപതോളം കടകൾ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് ചാലയ്ക്കുള്ളിലെ 5 റോഡ് സ്മാർട് ആക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് നേരിട്ടാണ് ഈ പണികൾ നടത്തുന്നത്. കൊത്തുവാൽ തെരുവ് അമ്മൻ കോവിൽ മുതൽ സന്നിധിമുക്ക് വരെയുള്ള റോഡിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ കുഴിക്കുകയുണ്ടായി.
കടകളുടെ ബേസ്‌മെന്റുകളോട് ചേർന്ന് എടുത്ത കുഴികൾ കാരണം കടകൾ അപകടാവസ്ഥയിലാണ്. പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് ഈ ഭാഗത്തെ കടകൾ. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ഈ കടകളൊന്നും ഇപ്പോൾ തുറക്കാറില്ല. കടകൾ സംരക്ഷിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊത്തുവാൽ യൂണിറ്റ് ഭാരവാഹികൾ സ്മാർട് സിറ്റി അധികൃതരെ അറിയിച്ചു.
കെട്ടിടങ്ങളുടെ അടിസ്ഥാനം കോൺക്രീറ്റ് ചെയ്തു നൽകാമെന്ന് സ്മാർട് സിറ്റി അധികൃതർ വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ അതൊന്നും നടപ്പായിട്ടില്ല.
റോഡ് നിർമാണത്തിനായി കുഴിച്ച കുഴികളിൽ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം കെട്ടിനിൽക്കുകയാണ്. പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം നീക്കുന്നുണ്ടെങ്കിലും കെട്ടിടങ്ങളുടെ അപകടാവസ്ഥ തുടരുകയാണ്. അതേസമയം, റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നടത്തുന്ന സ്മാർട് റോഡുകളുടെ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രിമാർ ഉറപ്പു നൽകിയ സമയ പരിധി അവസാനിക്കാൻ ഇനി 4 ദിവസം മാത്രമാണ് ശേഷിക്കുന്നത്.