തിരുവന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്താൻ മറ്റുവകുപ്പുകളുയുമായി ചേർന്ന് വിശദമായ പരിശോധനയ്ക്ക് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചിരുന്നു. സാമൂഹിക പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പട്ടവരുടെ ഡാറ്റ മറ്റ് സര്‍ക്കാര്‍ ഡാറ്റകളുമായി ചേര്‍ത്തുവച്ച് പരിശോധിക്കാനാണ് തീരുമാനം.
വാഹനം, വലിയ വീട്, വലിയ അളവില്‍ ഭൂമി തുടങ്ങിയവ ഉള്ളവരെ കണ്ടെത്തി പട്ടിക തയാറാക്കും. ഇതിനായി മോട്ടര്‍ വാഹനം, റവന്യു, റജിസ്‌ട്രേഷന്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ ഡേറ്റാബേസ് പരിശോധിക്കും. ആദായനികുതി വകുപ്പിൽ നിന്നും വിവരം തേടും.ഇതിനായി മുഖ്യമന്ത്രി തന്നെ ആദായനികുതി വകുപ്പിന് കത്തുനൽകും. ആഡംബരക്കാര്‍ ഉടമകളെ കണ്ടെത്തുന്നതിനായി എംവിഡിയുടെ ഡാറ്റ സഹായിക്കും.
ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കുടുംബവരുമാനമുള്ള ആളുകളെ ഒഴിവാക്കാന്‍ സിവില്‍ സപ്ലൈസിലെ ഡാറ്റ ഗുണകരമാകുമ്പോള്‍ രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകളുമായുള്ള ഡാറ്റ ഗുണഭോക്താക്കളുടെ ആസ്തികള്‍ വെളിപ്പെടുത്താന്‍ സഹായിക്കും. ഇത്തരത്തിൽ തയ്യാറാക്കുന്ന പട്ടിക തദ്ദേശ സെക്രട്ടറിമാർക്ക് കൈമാറും തുടർന്ന് ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും.ഇതിന്റെ അടിസ്ഥാനത്തില്‍, പട്ടികയിലുള്ള ആള്‍ അനര്‍ഹനാണെന്നു കണ്ടെത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കും. ഇതുവരെ അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തിരികെ ഈടാക്കുന്നതടക്കമുള്ള നടപടികളും കൈക്കൊള്ളും.
ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ആരെങ്കിലും മരിച്ചാൽ ഉടൻ തന്നെ വിതരണം നിർത്തിവയ്ക്കാനും തദ്ദേശ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.വാർഷിക മസ്റ്ററിങ് മാറ്റി പ്രതിമാസ മാസ്റ്ററിങ് നടത്താനും ആലോചനയുണ്ട്.പെൻഷൻ വീട്ടിലെത്തി വിതരണം ചെയ്യുമ്പോൾ തന്നെ മുഖം തിരിച്ചറിയുന്ന സോഫ്ട്‍വെയർ വഴി മാസ്റ്ററിങ് നടത്തും.പെൻഷൻ വാങ്ങുന്നവർ മരിച്ചാലും വീട്ടിലുള്ളവർ പെൻഷൻ കൈപ്പറ്റുന്നത് ഒഴിവാക്കാൻ പ്രതിമാസ മാസ്റ്ററിങ് വഴി സാധിക്കും.
ഗസറ്റഡ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ഉള്‍പ്പടെ 1458 സര്‍ക്കാര്‍ ജീവനക്കാരെ അനര്‍ഹമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി ധനവകുപ്പ് കണ്ടെത്തിയിരുന്നു. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താന്‍ ധനവകുപ്പ് പരിശോധന തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ കോട്ടക്കല്‍ നഗരസഭയില്‍ 38 അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു.