/kalakaumudi/media/media_files/goR2H7gGyt2y1tHQczix.jpg)
solar strike settlement controversy cpm and congress leaders kept silent
തിരുവനന്തപുരം: സോളാർ സമര ഒത്തുത്തീർപ്പ് വിവാദത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാതെ എൽഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങൾ. ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലും ജോൺ ബ്രിട്ടാസിന്റെ പ്രതികരണവും പുറത്തുവന്നിട്ടും ഇതിൽ പ്രതികരിക്കാൻ ഇരുമുന്നണിയിലേയും നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല.സമരം പിൻവലിച്ച രീതിയെ 2013 ൽ തന്നെ എതിർത്ത സിപിഐക്ക് പുതിയ വിവാദത്തിലും അതൃപ്തിയുണ്ടെന്നാണ് വിവരം. ഒത്തുതീർപ്പ് വിവരം പുറത്ത് വരുമ്പോഴും കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതെസമയം ജോൺ ബ്രിട്ടാസിന്റെ പ്രതികരണത്തോടെ വിവാദവും വെളിപ്പെടുത്തലും കോൺഗ്രസിനെ തിരിച്ചടിച്ചു എന്ന് സിപിഐഎം കരുതുന്നു. സമരം അവസാനിപ്പിക്കാൻ മുൻകൈ എടുത്തത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് എന്ന ബ്രിട്ടാസിന്റെ വാദം എൽഡിഎഫ് ആയുധമാക്കും. ബ്രിട്ടാസിനെ ചെറിയാൻ ഫിലിപ് തള്ളിപ്പറയാത്തതും സിപിഐഎമ്മിന് അനുകൂലമാണ്. അതേസമയം സമരം അവസാനിപ്പിക്കേണ്ടത് സിപിഐഎമ്മിന്റെ ആവശ്യമായിരുന്നു എന്ന വിമർശനം ആവർത്തിക്കുകയാണ് യുഡിഎഫ്. നേതാക്കൾ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായി കഴിഞ്ഞു.
എൽഡിഎഫിന്റെ സോളാർ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് ഒരു ഫോൺകോൾ വഴിയെന്നും സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസെന്നുമായിരുന്നു മലയാള മനോരമ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജോൺ ബ്രിട്ടാസ് വിളിച്ച് ഉമ്മൻ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയത്. സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാൽ മതി എന്നായിരുന്നു ആവശ്യമെന്നും ജോൺ മുണ്ടക്കയം വെളിപ്പെടുത്തി. മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ.