സിദ്ദിഖ് എവിടെയാണുള്ളതെന്ന് അറിയില്ലെന്ന് മകൻ ഷഹീൻ സിദ്ദിഖ്

ഇന്നലെ പ്രത്യേക അന്വേഷണ സംഘം എന്റെ വീട്ടിൽ വന്നിരുന്നു. രണ്ടാം തവണയാണ് അവർ വരുന്നത്. വീട് മുഴുവൻ പരിശോധിച്ച് എന്റെ മൊഴിയും രേഖപ്പെടുത്തി. വൈകുന്നേരം ഞാൻ ഡൽഹിയിൽ പോകുമെന്ന് അവർക്ക് അറിയാമായിരുന്നു.

author-image
Anagha Rajeev
New Update
shaheen siddique

കൊച്ചി: സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ ലൈംഗികാരോപണ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ്. പിതാവ് എവിടെയാണെന്ന് അറിയിച്ചില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി ഷഹിൻ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം വീട് രണ്ട് തവണ പരിശോധിച്ചിട്ടുണ്ടെന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. തന്നോട് എസ്‌ഐടി മോശമായി പെരുമാറിയിട്ടില്ലെന്നും എന്നാൽ ഈ ഭീഷണി ന്യായീകരിക്കാൻ പറ്റില്ലെന്നും ഷഹീൻ വ്യക്തമാക്കി.

'ഇന്നലെ പ്രത്യേക അന്വേഷണ സംഘം എന്റെ വീട്ടിൽ വന്നിരുന്നു. രണ്ടാം തവണയാണ് അവർ വരുന്നത്. വീട് മുഴുവൻ പരിശോധിച്ച് എന്റെ മൊഴിയും രേഖപ്പെടുത്തി. വൈകുന്നേരം ഞാൻ ഡൽഹിയിൽ പോകുമെന്ന് അവർക്ക് അറിയാമായിരുന്നു. ഇന്ന് രാവിലെ 5.30ഓടെയാണ് എന്റെ സുഹൃത്ത് നദീറിനെയും പോളിനെയും അവർ താമസിക്കുന്ന സ്ഥലത്ത് നിന്ന് എസ്‌ഐടി സംഘം കൊണ്ടുപോയത്. ഈ വിവരം 11.30നാണ് ഞാനറിയുന്നത്. ഇത് അറിഞ്ഞതിന് പിന്നാലെ ഞാൻ അവരുടെ വീട്ടിൽ അറിയിക്കുകയും പരാതി നൽകാൻ ആവശ്യപ്പെടുയും ചെയ്തു. അവർ കമ്മീഷണർ ഓഫീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ അറസ്റ്റ് നടന്നതായുള്ള ഒരു വിവരവുമില്ല. രണ്ട് മണിക്ക് എനിക്ക് നദീറിന്റെ ഫോണിൽ നിന്ന് ഒരു കോൾ വന്നു. എന്റെ പിതാവ് എവിടെയാണെന്ന വിവരം എസ്‌ഐടിക്ക് നൽകിയില്ലെങ്കിൽ നദീറിനെയും പോളിനെയും അറസ്റ്റ് ചെയ്യുമെന്ന് നദീർ പറഞ്ഞു,' ഷഹീൻ പറഞ്ഞു.

കാറ് സുഹൃത്തുക്കൾ കൊണ്ടുപോയെന്ന് പറയുന്ന സ്രോതസ് ഒരിക്കൽ കൂടി പരിശോധിക്കണമെന്നു സുഹൃത്തുക്കൾ കാറെടുത്ത് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസങ്ങൾക്ക് മുമ്പ് ഒരു സിനിമാ ഷൂട്ടിങ്ങിനല്ലാതെ പിന്നീട് പൊന്നാനിയിൽ പോയിട്ടില്ലെന്നും ഷഹിൻ വ്യക്തമാക്കി. പൊലീസ് ജിപിഎസ് ലൊക്കേഷനിലെ രേഖ കാണിക്കാൻ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിദ്ദിഖിനെ കുറിച്ച് പുറത്ത് വരുന്ന പല വിവരങ്ങളും തെറ്റായതാണെന്നും അതൊക്കെ തമാശയായിട്ടാണ് തോന്നുന്നതെന്നും ഷഹിൻ പറയുന്നു. അദ്ദേഹം എവിടെയാണുള്ളത് എന്ന് തനിക്ക് അറിയില്ലെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചതായി പൊലീസ് പറഞ്ഞു. കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

siddique