16 വയസുള്ള മകന്‍ യുഡിഎഫിനായി പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി

അഞ്ച് വര്‍ഷമായി ഇടുക്കിയിലെ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറായിരുന്നു നിസ ഷിയാസ്. 5000 രൂപ മാത്രമായിരുന്നു മാസ ശമ്പളം.

author-image
Biju
New Update
joli

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം ഭരണസമിതി പിരിച്ച് വിട്ടതായി പരാതി. തൊടുപുഴ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ സ്വീപ്പര്‍ നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്.

അഞ്ച് വര്‍ഷമായി ഇടുക്കിയിലെ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറായിരുന്നു നിസ ഷിയാസ്. 5000 രൂപ മാത്രമായിരുന്നു മാസ ശമ്പളം. തൊടുപുഴ നഗരസഭയിലെ 21ആം വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഷ്ണു കോട്ടപ്പുറത്തിനായി നിസയുടെ മകന്‍ പ്രചാരണത്തിന് ഇറങ്ങി. തെരഞ്ഞെടുപ്പില്‍ വിഷ്ണു ജയിച്ചതോടെയാണ് ബാങ്ക് ഭരണ സമിതി പക പോക്കല്‍ നടത്തിയതെന്നാണ് നിസ പറയുന്നത്. ഡിസംബര്‍ 31 വരെ വന്നാല്‍ മതിയെന്ന് ഡിസംബര്‍ 28നാണ് അറിയിച്ചതെന്നും നിസ പറഞ്ഞു.

ബാങ്കിന്റെ വിശദീകരണം

ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടതോടെ നിസ സിപിഎം നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിപിഎം ഏരിയ സെക്രട്ടറിയെ കണ്ടപ്പോള്‍ ജോലിയില്‍ തുടരാമെന്ന് പറഞ്ഞു. എന്നാല്‍ ഒന്നാം തിയ്യതി എത്തിയപ്പോള്‍ നാളെ മുതല്‍ വരേണ്ട, അതാണ് പാര്‍ട്ടി തീരുമാനമെന്ന് അറിയിച്ചു. നിസയെ ജോലിയില്‍ തുടരാന്‍ അനുവദിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് പ്രാദേശിക പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതും നടപടിക്ക് കാരണമായെന്നാണ് വിവരം.

ഭര്‍ത്താവ് മരിച്ച നിസയുടെ ഉപജീവന മാര്‍ഗമായിരുന്നു ബാങ്കിലെ ജോലി. അതേസമയം ജോലി തൃപ്തികരമല്ലാത്തതിനാല്‍ മറ്റൊരാളെ നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതിനാലാണ് നടപടിയെന്ന് പ്രസിഡന്റ് സജികുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പാണ് തീരുമാനം എടുത്തതെന്നും ഇക്കാര്യം നിസയെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.