/kalakaumudi/media/media_files/2025/07/25/ei2jzzu12884-2025-07-25-08-40-39.jpg)
കണ്ണൂര്‍: കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 5 മണിക്കും 6മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. പുലർച്ചയുള്ള പരിശോധനയുടെ ഭാഗമായി ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്.
അതീവ സുരക്ഷാ ബ്ലോക്കിൽ കഴിയുന്ന ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പികൾ മുറിച്ചുമാറ്റി വസ്ത്രങ്ങൾ ചേർത്ത് കെട്ടി അതുപയോഗിച്ച് മതിൽ ചാടി രക്ഷപ്പെട്ടെന്നാണ് ലഭ്യമായ വിവരം.
അതീവ സുരക്ഷാ ബ്ലോക്കിൽ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിക്ക് രണ്ടു മതിലുകൾ ചാടികടന്നാൽ മാത്രമേ പുറത്ത് കടക്കാൻ കഴിയുകയുള്ളൂ. വെള്ളം സംഭരിച്ചു വയ്ക്കുന്ന വീപ്പകൾ ഒന്നിനു മുകളിൽ ഒന്നായി വച്ചാണ് ആദ്യത്തെ മതിൽ ചാടി കടന്നത്. രണ്ടാമത്തെ മതിലിന് ഏഴു മീറ്റർ ഉയരം ആണുള്ളത്. മതിലിന് മുകളിൽ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. ഒറ്റക്കൈ മാത്രമുള്ള ഗോവിന്ദച്ചാമി ഇത് എങ്ങനെ ചാടിക്കടന്നു എന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. ജയിലിനകത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
സംസ്ഥാന അതിർത്തികളിലും ജില്ലാ അതിർത്തികളിലും പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. പുറത്തുനിന്നുള്ള സഹായം ലഭിച്ചോ എന്നതടക്കമുള്ള അന്വേഷണങ്ങൾ ലോക്കൽ പോലീസിന്റെ നേതൃത്വത്തിൽ നടത്തിവരികയാണ്. തമിഴ്നാട് വിരുദാചലം സ്വദേശിയായ ഗോവിന്ദച്ചാമിയുടെ പേരിൽ തമിഴ്നാട്ടിലും നിരവധി കേസുകളുണ്ട്.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.
ജയിൽ വേഷത്തിൽ തന്നെയാണ് രക്ഷപ്പെട്ടത്. ഒരു കൈ മാത്രമുള്ള ഇയാളെ കണ്ടെത്തുന്നവർ ജയിൽ സുപ്രണ്ടിന്റെ 9446899506 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.