ലൈം​ഗികാതിക്രമ കേസ്; നിവിൻ പോളിയെ ചോദ്യം ചെയ്തു

തനിക്കെതിരായ പീഡനപരാതിയിൽ ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിൻ പോളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

author-image
anumol ps
New Update
nivin pauly

 

 

കൊച്ചി: ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിവിൻ പോളിയെ ചോദ്യം ചെയ്തത്. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിൽ നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. തനിക്കെതിരായ പീഡനപരാതിയിൽ ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിൻ പോളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ. പീഡനം നടന്നുവെന്നു പറയുന്ന സമയത്ത് നിവിൻ കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ നടൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന തീയതികളിൽ ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ കൊച്ചിയിലെ സെറ്റിലായിരുന്നു നിവിനെന്ന് ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്പോർട്ട് വിവരങ്ങളും യാത്രാ രേഖകളുമാണ് എസ്ഐടി അന്ന് പരാതിക്കാരിയിൽനിന്ന് ശേഖരിച്ചത്. ദുബായിലെത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നടൻ നിവിൻ പോളി ഉൾപ്പെടെ 6 പേർക്കെതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തിരുന്നത്. കേസിൽ നിവിൻ 6–ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ.

nivin pauly