/kalakaumudi/media/media_files/2024/10/18/XU4qQKhqVikB5GPspphk.jpeg)
കൊച്ചി: എഡിഎം നവീൻ ബാബു മരിച്ച കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യഹർജി നൽകി. ആത്മഹത്യാ പ്രേരണാക്കുറ്റത്തിൽ തലശേരി പ്രിൻസിപ്പൽസ് സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നൽകിയത്. ഹർജി നാളെ പരിഗണിക്കും.
തനിക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി. കേസിൽ അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാൽ അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത് കണ്ണൂർ കലക്ടറാണ്. കലക്ടറേറ്റിൽ മറ്റൊരു പരിപാടിയിൽ സംബന്ധിക്കുമ്പോഴാണ് കലക്ടർ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്. അവിടെയെത്തിയപ്പോൾ തന്നെ സംസാരിക്കാനായി ക്ഷണിച്ചതും കലക്ടറാണ്.
കലക്ടറുടെ നിർദേശത്തെ തുടർന്ന് സംസാരിച്ചപ്പോൾ തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്. അത് സദുദ്ദേശ്യത്തോടെയായിരുന്നു. ഏതെങ്കിലും തരത്തിൽ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള പ്രേരണയും തന്റെ സംസാരത്തിൽ ഉണ്ടായിരുന്നില്ല. ഒരു അഴിമതി ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുകമാത്രമാണ് താൻ ചെയ്തതെന്ന് ദിവ്യ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു.
കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ കേസ് എടുത്തത്. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്ന ൽകിയിരുന്നു. എഡിഎമ്മിന്റെ മരണം വിവാദമായതിന് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു സിപിഎം മാറ്റിയിരുന്നു.