കൊച്ചി: സവിശേഷ പരിഗണനാ വിഭാഗങ്ങൾ അടക്കം പങ്കെടുക്കുന്ന മത്സരങ്ങളാണ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായിക മേളയെ വേറിട്ടതാക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.
മാറ്റി നിർത്തപ്പെടുമായിരുന്ന നിരവധി കുരുന്നുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ കായികമേളയിലെ ഈ മാറ്റത്തിന് കഴിഞ്ഞു. കലാ കായിക മേഖലകളിലെ അവസരങ്ങൾ പ്രതിഭകളെ സൃഷ്ടിക്കുന്നതിന് വഴി തുറക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു കുട്ടിയ്ക്കു പോലും അവസരം നഷ്ടമാകരുത് എന്ന ദൃഢനിശ്ചയത്തോടെയാണ് ഈ വർഷം മുതൽ കായികമേള സംഘടിപ്പിക്കുന്നത്
എറണാകുളം ജില്ലയിലെ 17 വേദികളിലും മത്സരം മികച്ച രീതിയിൽ നടക്കുന്നുണ്ട്. പങ്കെടുക്കുവാൻ എത്തിയിരിക്കുന്ന കായിക പ്രതിഭകൾക്ക് പരാതികൾക്കിടവരാത്ത തരത്തിൽ മികച്ച ഭക്ഷണവും, താമസ സൗകര്യവും ലഭ്യമാക്കുന്നുണ്ട്.
ഗ്രൗണ്ടുകളുടെ നിർമ്മാണം അടക്കം നിരവധി പ്രതിസന്ധികൾ തരണം ചെയ്യാൻ ഏകോപനത്തോടെയുള്ള പ്രവർത്തനത്തിൽ സാധിച്ചു.കായികമേളയുടെ പ്രമോ വിഡിയോയിൽ അവതരിപ്പിക്കപ്പെട്ട പ്രണവിനെ സമാപന സമ്മേളനത്തിൽ പങ്കെടുപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
5229 പേരാണ് മേളയിൽ രജിസ്റ്റർ ചെയ്തത്.14727 പേർക്ക് 12 സ്ഥലങ്ങളിലായി ഭക്ഷണം നൽകി. 71 സ്കൂളുകളിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിൽ 8 സ്കൂളുകൾ റിസർവ് സ്കൂളുകളാണ്. ഇൻക്ലൂസീവ് വിഭാഗത്തിൽപ്പെട്ട 1800 കുട്ടികൾ അടക്കം 10000 കുട്ടികളാണ് ആദ്യദിവസം താമസ സൗകര്യം പ്രയോജനപ്പെടുത്തിയത്.
ഇത്തവണ അത് ലറ്റിക്സ്, അക്വാറ്റിക്സ്, ഗെയിംസ് എന്നിവ ചേർത്താണ് ഓവറോൾ കിരീടം നിശ്ചയിക്കുന്നത്. സ്കൂൾ കായിക മേളയെ മികച്ച രീതിയിൽ മാധ്യമങ്ങൾ പരിഗണിക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി അറിയിച്ചു.