ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലക്ഷദീപം 14ന്; ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ഇത്തവണ ബാർകോഡ് സംവിധാനമുള്ള 15,000 പാസുകൾ

ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ചടങ്ങുകൾ കാണുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങൾ കർശനമായി പാലിക്കണമെന്ന് അവലോകനയോഗത്തിൽ  മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി.

author-image
Devina
New Update
padmanabhaswamytemple

തിരുവനന്തപുരം:  ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ ലക്ഷദീപം ജനുവരി 14ന് നടക്കും .

ഇതോടനുബന്ധിച്ച്  ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി   ബാർകോഡിങ് സംവിധാനമുള്ള പാസുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചു

 കഴിഞ്ഞ വർഷം നിരവധി വ്യാജ പാസുകൾ പ്രചരിച്ച സാഹചര്യത്തിലാണ് ഇത്തവണ ബാർകോഡിംഗ് പാസുകൾ ഏർപ്പെടുത്തിയത്.

ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ചടങ്ങുകൾ കാണുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങൾ കർശനമായി പാലിക്കണമെന്ന് അവലോകനയോഗത്തിൽ  മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി.

ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 കെഎസ്ആർടിസി സ്റ്റാന്റിൽ ലക്ഷദീപത്തോടനുബന്ധിച്ച് വെൽക്കം ഓഫീസ് തുറക്കുന്നതിനും നിർദ്ദേശം നൽകി.

ഓൺലൈനായാണ് പാസുകൾ ബുക്ക് ചെയ്യേണ്ടത്.

ആധാർ കാർഡ് വഴി ലോഗിൻ ചെയ്യാം. പാസിന്റെ കോപ്പിയും ആധാർ കാർഡുമായി എത്തുന്ന ഭക്തർക്ക് അവരവർക്ക് നിർദ്ദേശിക്കപ്പെട്ട വഴിയിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കാം.

15,000 പാസുകളാണ് നൽകുന്നത്.

 ജനുവരി 14ന് വൈകിട്ട് അഞ്ചിനാണ് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത്.

എട്ട് മണിക്ക് ചടങ്ങുകൾ ആരംഭിക്കും. ശീവേലി ദർശനമാണ് പ്രധാന ചടങ്ങ്. ദീപാരാധനയും ഉണ്ടാകും.

ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകൾ തെളിയിക്കുന്നത്.

 പരിപാടിയോടനുബന്ധിച്ച് കൂടുതൽ പൊലീസുകാരെ വിന്യസിക്കുന്നതിനും ക്ഷേത്രത്തിലേക്കുള്ള ലൈറ്റുകൾ, വാഹനങ്ങളുടെ പാർക്കിങ് എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഫയർഫോഴ്‌സ് ഒരു യൂണിറ്റ് ക്ഷേത്രപരിസരത്തും ഒരു യൂണിറ്റ് പെട്രോളിങ്ങിനും സജ്ജീകരിക്കും.

 പെലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും.

ലക്ഷദീപം ദിവസം ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

പത്മനാഭ കുളത്തിന്റെ കിഴക്ക് ഭാഗത്ത് ജനുവരി 13 മുതൽ 16 വരെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നിർദ്ദേശം നൽകും.

രണ്ട് ആംബുലൻസുകൾ, മെഡിക്കൽ കൺട്രോൾ റൂം എന്നിവയും സജ്ജമാക്കും.