പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടറില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തി; അന്വേഷണം തുടങ്ങി

ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസര്‍, കംപ്യൂട്ടര്‍ വിഭാഗത്തിന്റെ ചുമതലയുള്ളവര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ചുമതലയില്‍ നിന്ന് മാറ്റിയ ജീവനക്കാരനെ ഉള്‍പ്പെടെ കൂടുതല്‍ പേരെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു

author-image
Biju
New Update
PAD

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ സൈബര്‍ പൊലീസ്. പൂജ, നിവേദ്യം തുടങ്ങിയവ ബുക്ക് ചെയ്യുന്നതിനുള്ള കംപ്യൂട്ടര്‍ ഉപയോഗിക്കാനായി പുതിയ യൂസര്‍നെയിമും പാസ്വേഡ് സജ്ജമാക്കിയെങ്കിലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, മുന്‍ ജീവനക്കാരന്‍ ഉപയോഗിച്ചിരുന്ന യൂസര്‍നെയിമും പാസ്‌വേഡും നിലവില്‍ പ്രവര്‍ത്തനക്ഷമമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, ക്ഷേത്ര സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന നെറ്റ്വര്‍ക് സുരക്ഷിതമാണെന്ന് പൊലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയിരുന്ന പഴയ ജീവനക്കാരനെ മാറ്റി കഴിഞ്ഞ ജൂണിലാണ് പുതിയ ആളെ നിയമിച്ചത്. പുതിയ ജീവനക്കാരന്‍ ചുമതല ഏറ്റെടുത്തതിനു പിന്നാലെ പുതിയ യൂസര്‍ നെയിമും പാസ്വേഡും സജ്ജമാക്കി. എന്നാല്‍ ഇതു പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. പഴയ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന നെറ്റ്‌വര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിലയിരുത്തലിലാണ് ക്ഷേത്രം അധികൃതര്‍.

കൂടുതല്‍ ലോഗ് ഇന്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് സൈബര്‍ പൊലീസ്. കംപ്യൂട്ടര്‍ ഫൊറന്‍സിക് പരിശോധനയ്ക്കും അയച്ചേക്കും. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസര്‍, കംപ്യൂട്ടര്‍ വിഭാഗത്തിന്റെ ചുമതലയുള്ളവര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ചുമതലയില്‍ നിന്ന് മാറ്റിയ ജീവനക്കാരനെ ഉള്‍പ്പെടെ കൂടുതല്‍ പേരെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

sreepadmanabhaswam temple