ശ്രീപത്മനാഭസ്വാമി ക്ഷേത്രം ;മൂന്നു നൂറ്റാണ്ടോളം പഴക്കമുള്ള മൂലബിംബം നവീകരിക്കുന്നു

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ  മൂന്നു നൂറ്റാണ്ടോളം പഴക്കമുള്ള കടുശർക്കര യോഗനിർമ്മിതമായ മൂലബിംബത്തിന്റെയും 30 പരിവാരദേവതകളുടെയും ബിംബങ്ങളിൽ കാലാന്തരത്തിലുണ്ടായ ന്യൂനതകൾ പരിഹരിച്ചു നവീകരിക്കുന്നു.

author-image
Devina
New Update
padama

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ  മൂന്നു നൂറ്റാണ്ടോളം പഴക്കമുള്ള കടുശർക്കര യോഗനിർമ്മിതമായ മൂലബിംബത്തിന്റെയും 30 പരിവാരദേവതകളുടെയും ബിംബങ്ങളിൽ കാലാന്തരത്തിലുണ്ടായ ന്യൂനതകൾ പരിഹരിച്ചു നവീകരിക്കുന്നു.

ഇത് സംബന്ധിച്ച കരാർ 20 ന് ഒപ്പിടും. 2017 ൽ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് മൂലബിംബത്തിലും പരിവാരദേവത വിഗ്രഹങ്ങളിലും കേടുപാടുകൾ കണ്ടെത്തിയത്.

 പുതിയ ഭരണസമിതി 2021 ൽ വിഷയം വീണ്ടും പരിഗണിച്ചപ്പോൾ മൂലബിംബത്തിന് സാരമായ കേടുപാടുകൾ ഇല്ലെന്നും പരിവാരദേവത വിഗ്രഹങ്ങൾക്കാണ് ന്യൂനതയെന്നും അന്നത്തെ മുഖ്യതന്ത്രി അറിയിച്ചു.

 അഗ്‌നിബാധയേറ്റ് കേടുപാടുകൾ വന്ന വിശ്വക്‌സേന വിഗ്രഹത്തിന്റെ പുനർനിർമ്മാണത്തിനു ശേഷം മൂലബിംബത്തിന്റെ ന്യൂനതകൾ പരിഹരിച്ചാൽ മതിയെന്നും നിർദ്ദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ വിശ്വക്‌സേന വിഗ്രഹം പുനർനിർമ്മിച്ച് കഴിഞ്ഞവർഷം ജൂൺ എട്ടിന് പുനപ്രതിഷ്ഠ നടത്തി. ശ്രീപത്മനാഭസ്വാമി, വിശ്വക്‌സേനൻ, തിരുവട്ടാർ ആദികേശവപെരുമാൾ ഉൾപ്പെടെ രാജ്യത്ത് ചുരുക്കം ദേവവിഗ്രഹങ്ങൾ മാത്രമാണ് കടുശർക്കരയോഗത്തിൽ തീർത്തിട്ടുള്ളത്.

 പ്‌ളാവിൽപശ, കൂവളപശ, തിരുവട്ടപ്പശ, ഗുൽഗുൽ, ത്രിവേണി സംഗമത്തിലെ മണ്ണ്, അവിടത്തെ 3 തരം കല്ലുകൾ, കടൽമണ്ണ്, ഭാരതപ്പുഴയുടെ തീരങ്ങളിൽ കാണപ്പെടുന്ന കോഴിപ്പരൽ എന്ന കല്ല്, പഞ്ഞി, ചെഞ്ചല്യം, നെല്ലിക്ക, കടുക്ക, കോലരക്ക്, ഗംഗാതീർത്ഥം, അത്തി, ഇത്തി, അരയാൽ, പേരാൽ, മരുതിൻതോൽകഷായം, നാൽപ്പാമരകഷായം, ഗോരോചനം, കസ്തൂരി, ചന്ദനം, രക്തചന്ദനം, പശുവിൻ പാൽ, തൈര്, നെയ്, ശംഖ് പൊടിച്ചത്, ആനകുത്തിയമണ്ണ്, കാളകുത്തിയമണ്ണ്, കലപ്പമണ്ണ്, പുറ്റമണ്ണ്, ഞണ്ട്മണ്ണ്, ത്രിഫല, കരിങ്ങാലി, മർവം, ഇളനീർവെള്ളം എന്നിവ ഉപയോഗിച്ചാണ് ആയൂർവേദകൂട്ട് ഉണ്ടാക്കുന്നത്.

കരിങ്ങാലി മരമാണ് അസ്ഥികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. പച്ച നാളികേരത്തിന്റെ തൊണ്ടിൽ നിന്ന് പിരിച്ചെടുക്കുന്ന ചകിരിനാരാണ് നാഡി ഞരമ്പുകളാക്കുന്നത്.

 ശ്രീപത്മനാഭസ്വാമിമൂലബിംബത്തിന്റെ സങ്കീർണ്ണമായ നവീകരണ പ്രവർത്തനം 1065 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കടുശർക്കര യോഗത്തിൽ നിർമ്മിച്ച വിഗ്രഹങ്ങളിൽ അഭിഷേകം നടത്താറില്ല.