/kalakaumudi/media/media_files/2025/07/27/sreenarayana-2025-07-27-16-40-13.jpg)
തിരുവനന്തപുരം: കോഴ്‌സ് കാലാവധി തീരും മുമ്പേ അവസാന വര്‍ഷ പരീക്ഷ നടത്തുന്നത് പരീക്ഷാര്‍ത്ഥികള്‍ക്ക് കീറാമുട്ടിയാകുന്നു. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലെ ആദ്യ ബാച്ച് ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയാണ് ആഗസ്റ്റ് 10 ന് നടത്തുമെന്ന് സര്‍വ്വകലാശാല അറിയിച്ചിട്ടുള്ളത്.
സെമസ്റ്റര്‍ നിശ്ചയിച്ചിട്ടുള്ള ബിരുദ കോഴ്‌സുകളുടെ 5-ാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ മെയ് - ജൂണ്‍ മാസത്തിലാണ് കഴിഞ്ഞത്. അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. ഒരു ടെക്സ്റ്റിന് രണ്ട് അസൈന്‍മെന്റുകളും ഒരു ഡസര്‍ട്ടേഷനും ആഗസ്റ്റ് 8 നു മുന്‍പ് നല്‍കി അവതരണവും നടത്തണം.
ഈ കോഴ്സിലെ വിദ്യാര്‍ത്ഥികളെല്ലാം വിവിധ ജോലികളില്‍ ഉള്ളവരാണ്. ജോലി ലീവെടുത്താല്‍ പോലും നിശ്ചിത സമയത്തിനുള്ളില്‍ ഇവ തയ്യാറാക്കി തീരുകയില്ല എന്നത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധ്യമുള്ളതാണ്. സെമസ്റ്റര്‍ കാലാവധി നോക്കിയാല്‍ നവംബര്‍ വരെയുണ്ട്. ആഴ്ചയില്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ രണ്ടു ദിവസം മാത്രമാണ് ക്ലാസുകള്‍ നടക്കുന്നത്. സര്‍വ്വകലാശാലയുടെ ആദ്യ ബിരുദ ബാച്ചാണ് ഇത്.
ടെക്സ്റ്റു ബുക്കുകള്‍ക്ക് പകരം ഫോട്ടോ സ്റ്റാറ്റ് കോപ്പികളാണ് പഠിതാക്കള്‍ക്കു നല്‍കിയിട്ടുള്ളത്. കോഴ്‌സ് തീരുന്ന മുറക്ക് പരീക്ഷ നടത്തിയാല്‍ വിവിധ ജോലികളില്‍ വ്യാപൃതരായിട്ടുള്ള പഠിതാക്കള്‍ക്ക് ജോലി ലീവെടുക്കാതെ തന്നെ പരീക്ഷയ്ക്ക് തയ്യാറെടുക്കുവാന്‍ കഴിയുമെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു . ആദ്യ ബാച്ചില്‍ തന്നെ കൂട്ടത്തോല്‍വി ലക്ഷ്യമിട്ട് സര്‍വ്വകലാശാലക്കു തന്നെ ചീത്തപ്പേര് ആക്കുക എന്ന ഗൂഢലക്ഷ്യം ഇതിലുള്ള തായി അധ്യാപകരും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു. വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് എതിരാണ് ഇതെന്നും ഇവര്‍ ചൂണ്ടി കാട്ടുന്നു.