ഇന്ന് 171-ാമത് ശ്രീനാരായണ ഗുരു ജയന്തി

വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് പറഞ്ഞ ഗുരു കേരളത്തിലുടനീളം വിദ്യാലയങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍കൈയെടുത്തു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യയെന്നാണ് ഗുരു പറഞ്ഞത്.

author-image
Biju
New Update
sreenarayanaguru

തിരുവനന്തപുരം: ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍ ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജന്മദിനം. ഗുരുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഭക്തര്‍ ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ദര്‍ശനം നടത്തും. ശിവഗിരിയില്‍ കേരളാ ഗവര്‍ണറും ചെമ്പഴന്തിയില്‍ മുഖ്യമന്ത്രിയും ആഘോഷ പരിപാടികളില്‍ മുഖ്യാതിഥികളാകും. 

അജ്ഞതയുടെ ഇരുട്ടില്‍ ആണ്ടുകിടന്ന ഒരു ജനതയുടെ മേല്‍ അറിവിന്റെ പ്രകാശം പരത്തിയ ശ്രീനാരായണ ഗുരുവിനെ മലയാളക്കര എന്നും ചിന്തകളിലുള്‍പ്പെടെ നിലനിര്‍ത്താറുണ്ട്. ജാതി മത ചിന്തകള്‍ക്കതീതമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയെന്നതായിരുന്നു ഗുരുവിന്റെ ജീവിതലക്ഷ്യം. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' തുടങ്ങിയ തത്വങ്ങളിലൂടെ കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ മനസിലേക്ക് വിശ്വമാനവികത എന്ന വലിയ ആശയത്തിന്റെ പുനപ്രതിഷ്ഠയാണ് ഗുരു നടത്തിയത്. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വതന്ത്രരാകാന്‍ ഉപദേശിച്ച ഗുരു, സംഘടിച്ച് ശക്തരാകാനും ആഹ്വാനം ചെയ്തു.

വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് പറഞ്ഞ ഗുരു കേരളത്തിലുടനീളം വിദ്യാലയങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍കൈയെടുത്തു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യയെന്നാണ് ഗുരു പറഞ്ഞത്. എല്ലാ അനാചാരങ്ങള്‍ക്കും എതിരെ പോരാടാനുളള ഗുരുവിന്റെ ആയുധവും വിദ്യ തന്നെയായിരുന്നു. മനുഷ്യന്റെ സമഗ്ര വികസനത്തിന് വേണ്ടിയായിരുന്നു ഗുരുവിന്റെ പ്രയത്‌നം. ആധ്യാത്മികവും ഭൗതികവും രണ്ടല്ല എന്നും അവ ഒന്നിന്റെ തന്നെ രണ്ട് വശമാണെന്നും ഗുരു പഠിപ്പിച്ചു. 'അവനവനാത്മസുഖത്തിന്നായാചരിപ്പതു അപരനുമാത്മാസുഖത്തിന്നായിവരേണം' എന്നും 'ഒരു പീഡയെറുന്പിനും വരുത്തരുത്' എന്നും ഗുരു പറഞ്ഞത്, മാനവഹൃദയത്തിന്റെ പൂര്‍ണത മുന്നില്‍ക്കണ്ടായിരുന്നു. ഗുരുവിന്റെ ജന്മദിനമായ ഇന്ന് നാടെങ്ങും ഘോഷയാത്രകളും ആഘോഷവും സമ്മേളനങ്ങളും നടക്കും.

ഗ്രാമങ്ങളും നഗരങ്ങളും പീതസാഗരമാകും. ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വര്‍ക്കല ശിവഗിരിയിലും വിവിധ പരിപാടികള്‍ നടക്കും. ശിവഗിരിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചെമ്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകും.