/kalakaumudi/media/media_files/2026/02/02/sslc-exam-2026-02-02-13-04-56.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. തുടർന്ന് മെയ് 07ന് ബോർഡ് മീറ്റിങ് ചേരുകയും എട്ടിന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും ശിവൻകുട്ടി അറിയിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ ഇത്തവണ സബ്ജക്ട് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാർക്ക് ലഭിക്കാത്ത കുട്ടികൾക്ക് പ്രത്യേക പഠന പിന്തുണ നൽകും. ഇതൊരു തുടർ പ്രക്രിയയായിട്ടാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.
രണ്ടാം പാദ പരീക്ഷയുടെ ഫലം പരിശോധിക്കുമ്പോൾ എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ പഠന നിലവാരം ഉയർത്തേണ്ടതുണ്ട്. അഞ്ചാം ക്ലാസിൽ രണ്ടായിരത്തി ഒരുന്നൂറ്റി എൺപത്തിയേഴ് കുട്ടികളും, ആറാം ക്ലാസിൽ രണ്ടായിരത്തി നാനൂറ്റി അമ്പത്തിയൊന്ന് കുട്ടികളും, ഏഴാം ക്ലാസിൽ രണ്ടായിരത്തി ഒരുന്നൂറ്റി നാൽപ്പത്തിമൂന്ന് കുട്ടികളും എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ആണ് നേടിയിട്ടുള്ളത്.
ഉയർന്ന ക്ലാസുകളിലേക്ക് വരുമ്പോൾ ഈ എണ്ണത്തിൽ വർദ്ധനവ് കാണുന്നുണ്ട്. എട്ടാം ക്ലാസിൽ പതിനാലായിരത്തി നാനൂറ്റി പതിനെട്ട് കുട്ടികളും, ഒമ്പതാം ക്ലാസിൽ ആറായിരത്തി ഒരുന്നൂറ്റി അമ്പത്തിമൂന്ന് കുട്ടികളുമാണ് ഇ ഗ്രേഡ് പട്ടികയിലുള്ളത്. ഈ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി മികച്ച നിലവാരത്തിലേക്ക് ഉയർത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
