എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും

കേരളത്തിലും ലക്ഷദ്വീപിലും പരീക്ഷകള്‍ നിശ്ചയിച്ചതു പ്രകാരം മാര്‍ച്ച് 30 ന് അവസാനിക്കും. പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്

author-image
Biju
New Update
sslc

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച മുതല്‍ തുടങ്ങും. സംസ്ഥാനത്തെ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 പേരും അടക്കം ആകെ 4,18,516 വിദ്യാര്‍ഥികളാണ് നാളെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.

കേരളത്തിലും ലക്ഷദ്വീപിലും പരീക്ഷകള്‍ നിശ്ചയിച്ചതു പ്രകാരം മാര്‍ച്ച് 30 ന് അവസാനിക്കും. പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. അഞ്ചാം തിയതിയിലെ എസ്എസ്എല്‍സി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തിയതികളിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുമാണ് മാറ്റിയത്. സെന്ററുകളുടെ പുതുക്കിയ തീയതികള്‍ പ്രത്യേകം പ്രഖ്യാപിക്കും. 

4,11,025 വിദ്യാര്‍ത്ഥികളാണ് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. 4,52,437 രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്എസ്ഇ) വിഭാഗത്തില്‍ 389 കേന്ദ്രങ്ങളിലായി 26,829 ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും 26,826 രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുന്നുണ്ട്.

പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി 26,000 ത്തോളം അധ്യാപകരെയാണ് നിയമിച്ചിരിക്കുന്നത്. കര്‍ശനമായ മേല്‍നോട്ടങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും എല്ലാ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും നിയമിച്ചിട്ടുണ്ട്. ഏപ്രില്‍ 7 നാണ് മൂല്യനിര്‍ണയം ആരംഭിക്കുക. ഏപ്രില്‍ 28ന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി മെയ് 8 ന് എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.