/kalakaumudi/media/media_files/2025/08/26/pina-2025-08-26-16-31-21.jpg)
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെ കയ്യൊഴിഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കില്ലെന്ന് സ്ഥിരീകരണമായി.മുന്‍കൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് വിശദീകരണം. തന്റെ അഭാവത്തില്‍ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സ്റ്റാലിന്‍ അറിയിച്ചു.
അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരായ ബിജെപി രംഗത്തുവന്നിരുന്നു.ഡി.എം.കെയിലെ തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ ഹിന്ദുമതത്തെക്കുറിച്ച് അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ മൗനം പാലിച്ച സ്റ്റാലിനെ ക്ഷണിച്ചതിലൂടെ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കാപട്യവും ഹിന്ദു വിശ്വാസത്തെ അപമാനിക്കലുമാണ് തുറന്ന് കാട്ടുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഎം സര്‍ക്കാര്‍ 'അയ്യപ്പ സംഗമം' ആഘോഷിക്കുന്നത് ഒരു നാടകവും 'ജനങ്ങളെ വിഡ്ഢികളാക്കാനുള്ള' കുതന്ത്രത്തിന്റെ ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞിട്ട് മാത്രമേ പിണറായിക്കും സ്റ്റാലിനും അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. അയ്യപ്പഭക്തര്‍ക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ മാപ്പ് പറയണം. സ്റ്റാലിനും മകന്‍ ഉദയനിധിയും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ.
ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയില്‍ പങ്കെടുക്കാനും ശ്രമിച്ചാല്‍, ബിജെപിയുടെ ഓരോ പ്രവര്‍ത്തകനും ഇതിനെതിരെ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ഹിറ്റ്‌ലര്‍ ജൂതന്മാരെ ആഘോഷിക്കുന്നത് പോലെയും, രാഹുല്‍ ഗാന്ധി സത്യം പറയുന്നത് പോലെയും, ഒസാമ ബിന്‍ ലാദന്‍ സമാധാനത്തിന്റെ അപ്പോസ്തലനാകുന്നത് പോലെയും, ഹമാസ്/ജമാഅത്ത് ഇസ്ലാമി മറ്റ് മതസ്ഥരെ ബഹുമാനിക്കുന്നത് പോലെയും, കോണ്‍ഗ്രസ്/ഇന്‍ഡി സഖ്യം രാജവംശങ്ങളെയും അഴിമതിയെയും ഉപേക്ഷിക്കുന്നത് പോലെയും, കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ തുടങ്ങിയ ഇന്ത്യാ സഖ്യകക്ഷികള്‍ ശബരിമല പരിപാടിയില്‍ പോകുന്നത് വാസ്തവവിരുദ്ധമാണ്. കഠിനമാണെങ്കിലും സത്യം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം എന്നെ അത്ഭുതപ്പെടുത്തുകയോ ഞെട്ടിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതില്‍ തെറ്റൊന്നുമില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.