/kalakaumudi/media/media_files/2025/12/16/iffk-kalakaumudi-2025-12-16-15-20-57.jpg)
അരവിന്ദ്
കേന്ദ്ര സര്‍ക്കാര്‍ വെട്ടിയ സിനിമകള്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. പലസ്തീന്‍ സിനിമകള്‍ അടക്കം 16 സിനിമകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശന അനുമതി നിഷേധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന 14 പ്രദര്‍ശനങ്ങളാണ് ഇതേ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നത്. സര്‍ക്കാര്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ ഇന്നു മുതല്‍ ഈ സിനിമകളുടെ പ്രദര്‍ശനമുണ്ടാകും.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ എക്സംപഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനായി ചലച്ചിത്ര അക്കാഡമി ആവശ്യമായ അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ വരെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. നിരവധി തവണ ബന്ധപ്പെട്ടെങ്കിലും അനുമതിക്കായുള്ള നടപടികള്‍ സ്വീകരിച്ചില്ല. ഇന്നലെ വൈകിട്ടോടെ 16 സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം അറിയിക്കുകയായിരുന്നു. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രമേയമാക്കിയ സിനിമകള്‍, പലസ്തീന്‍ കടന്നു കയറ്റം പ്രമേയമായ സിനിമകള്‍ എന്നിവയ്ക്കാണ് ആദ്യം അനുമതി നിഷേധിച്ചത്.
ഇതിനു പുറമെ ഫാസിസത്തിനെതിരായ നിലപാടുകള്‍ പ്രമേയമാക്കിയ സിനിമകളും കടന്നു കയറ്റത്തിന്റെയും മനുഷ്യവകാശ ധ്വംസനകളുടെയും യാഥാര്‍ത്ഥ്യങ്ങള്‍ പ്രമേയമാക്കിയ സിനിമകള്‍ക്കും പ്രദര്‍ശന അനുമതി നിഷേധിച്ചു. 1925 ലെ ബാറ്റില്‍ഷിപ്പ് പൊട്ടെന്‍കിന്‍ എന്ന യുഎസ്എസ്ആര്‍ ചിത്രവും പ്രദര്‍ശന അനുമതി നിഷേധിച്ച ചിത്രങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. യുഎസ്എസ്ആറിലെ ലോക പ്രശസ്ത സംവിധായകന്‍ സെര്‍ഗെല്‍ ഐന്‍സ്റ്റീനിന്റെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ചിത്രമായിരുന്നു ഇത്. അനുമതി നിഷേധിച്ച സിനിമകളെല്ലാം തന്നെ വിവിധ രാജ്യങ്ങളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചതും പുരസ്‌കാരങ്ങള്‍ ലഭിച്ചതുമായ ചിത്രങ്ങളായിരുന്നു. നിരോധിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ സ്പാനിഷ് ചിത്രമായ ബീഫും ഉള്‍പ്പെട്ടു. ചിത്രത്തിന്റെ പേര് കണ്ടാണ് ഇതിനും പ്രദര്‍ശന നുമതി നിഷേധിച്ചത്. രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കം എന്ന അര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കാണ് ബീഫ്. എന്നാല്‍ അനുമതി നിഷേധിച്ചവര്‍ പശു ഇറച്ചിയാണ് പ്രമേയം എന്ന് ധരിച്ചാണ് അനുമതി നിഷേധിച്ചത്. ഗോ മാംസ നിരോധനത്തിനെതിരെ കേരളത്തില്‍ നടന്ന പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമയെ ഇവര്‍ വിലയിരുത്തിയത്.
അനുമതി നിഷേധിച്ച വിവരം പുറത്തു വന്നതോടെ ശക്തമായ പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നത്. സാംസ്‌കാരിക നായകന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയ സംസ്ഥാന സര്‍ക്കാരാണ് ഇന്ന് ഉച്ചയോടെ ഈ ചിത്രങ്ങളെല്ലാം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്.
അനുമതി നിഷേധിക്കപ്പെട്ട സിനിമകള്‍
1. എ പൊയറ്റ്: അണ്‍ കണ്‍സീല്‍ഡ് പൊയട്രി
2. ആള്‍ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു
3. ബമാകോ
4. ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍
5. ബീഫ്
6. ക്ലാഷ്
7. ഈഗിള്‍സ് ഓഫ് റിപ്പബ്ലിക്
8. ഹെര്‍ട്ട് ഓഫ് ദി വോള്‍ഫ്
9. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗസാ
10. പലസ്തീന്‍ 36
11. റെഡ് റെയ്ന്‍
12. റിവര്‍ സ്റ്റോം
13. ദി അവര്‍ ഓഫ് ദി ഫര്‍ണാസെസ്
14. യെസ്
15. ടിംബുക്തു
16. വാജിബ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
