ലോക്‌സഭ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക്

പരസ്യപ്രചാരണം ബുധനാഴ്ച വൈകിട്ട് അവസാനിച്ചതോടെ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലായിരുന്നു സംസ്ഥാനത്തെ എല്ലാ സ്ഥാനാര്‍ഥികളും

author-image
Sukumaran Mani
New Update
Election Commission

Loksabha polls

Listen to this article
0.75x 1x 1.5x
00:00 / 00:00

പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് തിരിച്ചു. പരസ്യപ്രചാരണം ബുധനാഴ്ച വൈകിട്ട് അവസാനിച്ചതോടെ നിശബ്ദപ്രചാരണത്തിന്റെ തിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്ന് സ്ഥാനാര്‍ഥികൾ. പോളിങ്ങിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 2,77,49,159 വോട്ടര്‍മാരാണുള്ളത്. അതില്‍ 6,49,833 പേര്‍ പുതിയ വോട്ടര്‍മാരാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുണ്ട്. വോട്ടെടുപ്പിനായി സംസ്ഥാനത്ത് 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളുമടക്കം ആകെ 25,358 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. അതില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരും (5). കോഴിക്കോട്ട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാര്‍ഥികളുമുണ്ട്.

വോട്ടവകാശമുള്ള എല്ലാവരും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ അഭ്യർഥിച്ചു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ വോട്ട് ചെയ്യുന്ന രീതിയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു. വോട്ട് ചെയ്ത ശേഷം വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ് വഴി വോട്ടിങ് നില അറിയാനാകുമെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങള്‍ക്കു തത്സമയമറിയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോള്‍ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ആപ്പില്‍ ലഭ്യമാവുക.

പോളിങ് ബൂത്തുകളില്‍ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളിലെത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്‌നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.

ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്പും വീല്‍ച്ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയിലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബൂത്തുകളില്‍ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. കൂടാതെ ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടര്‍മാര്‍ക്കു യാത്രാസൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും ബാക്കി ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്‌കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്കു പുറത്തും കാമറ സ്ഥാപിച്ചിട്ടുണ്ട്. ബൂത്ത് പിടിത്തം, പണവിതരണം, കള്ളവോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

lok sabha elections 2024 kerala polls