കൊച്ചി: അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയോടനുബന്ധിച്ച് നേത്രദാനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കാനും അതുവഴി നേത്രദാനത്തിന് സജ്ജരാക്കാനും ലക്ഷ്യമിട്ട് ഒരു ലക്ഷo ഒരു ലക്ഷ്യം എന്ന പേരിൽ ബ്യഹത് നേത്രദാന പദ്ധതി നടപ്പിലാക്കുന്നു.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ ചേമ്പറിൽ നടന്ന ആലോചനാ യോഗത്തിൽ മെഡിക്കൽ കമ്മിറ്റി ചെയർമാൻ എൽദോസ് കുന്നപ്പള്ളി എം.എൽ.എയാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തി.
നേത്രദാനത്തിനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് കളക്ടറും എം.എൽ.എയും സമ്മതപത്രം കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു.വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, കായിക താരങ്ങളടക്കമുള്ള സമൂഹത്തിലെ മുഴുവനാളുകളും ഈ ക്യാമ്പയിനുമായി സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
ഏഷ്യയിലെ തന്നെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ കായികമേളയുടെ മഹത്വം വർധിപ്പിക്കുക, മനുഷ്യത്വത്തിന്റെയും പങ്കുവെക്കലിന്റെയും ഇടമാക്കി മാറ്റുക എന്ന ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ നേത്രബാങ്കുകളുമായി സഹകരിച്ചാണ് ഒരു ലക്ഷ്യം ഒരു ലക്ഷ്യം പദ്ധതി നടപ്പാക്കുന്നത്. ഇതിനായി മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സ്‌കൂൾ കായിക മേളയുടെ മുഴുവൻ വേദികളിലും പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും. ബോധവൽക്കരണ ക്ലാസ്സുകളും നേത്രദാനത്തിനുള്ള രജിസ്ട്രേഷൻ സൗകര്യങ്ങളും ലഭ്യമാക്കുന്നതാണ്. ഇതിനുപുറമേ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് https://forms.gle/796TycmRnAwfo5c47 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്.
ആലോചന യോഗത്തിൽ മെഡിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ എൻ.എ സലിം ഫാറൂഖി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, മെഡിക്കൽ ഓഫീസർമാർ, നേത്ര ബാങ്ക് പ്രതിനിധി പി.വി പ്രദീപ്, മെഡിക്കൽ കമ്മിറ്റി കൺവീനർ കെ.എ മാഹി തുടങ്ങിയവർ പങ്കെടുത്തു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനാണ് (കെ.എ.ടി.എഫ്) മെഡിക്കൽ കമ്മിറ്റിയുടെ ചുമതല നൽകിയിട്ടുള്ളത്.