സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍  ഉയരണം: മുഖ്യമന്ത്രി

കേരളത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയതോതില്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ നമുക്ക് 24,000 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

author-image
Prana
New Update
cm

സംസ്ഥാനത്തിന്റെ കേന്ദ്ര ധനസഹായമുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ എംപിമാര്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി പാര്‍ലമെന്റിലുള്‍പ്പെടെ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയതോതില്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ നമുക്ക് 24,000 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 15ാം ധനകാര്യ കമ്മീഷന്‍ വകയിരുത്തിയ തുകയും, എന്‍എച്ച്എമ്മിന്റെ ഭാഗമായി അനുവദിക്കാനുള്ള തുകയും, യുജിസി ശമ്പളപരിഷ്‌ക്കരണ കുടിശ്ശികയും ഒന്നും കേന്ദ്ര സര്‍ക്കാര്‍ ഇനിയും ലഭ്യമാക്കിയിട്ടില്ല.
ഈയൊരു സാഹചര്യം നിലനില്‍ക്കെയാണ് മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. അതിനും കേന്ദ്രത്തില്‍ നിന്നു പ്രത്യേക ധനസഹായമൊന്നും നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.
ദുരന്തമുണ്ടായ ഉടനെ തന്നെ ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, ദുരന്ത പ്രതികരണ സേന എന്നിവയുടെ എല്ലാം സഹായം നമുക്കു ലഭ്യമായി. അതാകട്ടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഗതാഗത സൗകര്യങ്ങള്‍ അതിവേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിനും വളരെ സഹായകരമാവുകയും ചെയ്തു. അവയോടെല്ലാം ഉള്ള നന്ദി സംസ്ഥാനം ഔദ്യോഗികമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹകരണവും വിവിധ സേനകളെ ലഭ്യമാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും എടുത്ത നേതൃത്വവും പാര്‍ലമെന്റില്‍ അഭിനന്ദിക്കുന്നത് ഉചിതമാവും. അതേസമയം, കേരളത്തിന് അര്‍ഹമായ ദുരന്തസഹായം വൈകുന്നതിലുള്ള അസംതൃപ്തി അറിയിക്കുകയും വേണം.
കേന്ദ്ര സംഘത്തിനു മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്റെ പശ്ചാത്തലത്തിലെ നമ്മുടെ ആവശ്യങ്ങള്‍ കൃത്യമായി അവതരിപ്പിച്ചിരുന്നു. ആഗസ്റ്റ് 17 നു തന്നെ ദുരന്തത്തില്‍ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എന്‍ ഡി ആര്‍ എഫ്) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കുകയും ചെയ്തു. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം നൂറു ദിവസത്തിലധികവും മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്ന് മാസത്തിലധികവും കേന്ദ്ര സംഘം വന്നുപോയിട്ട് മാസങ്ങളുമായിട്ടും അനുകൂല നിലപാടുണ്ടായില്ല. 
ഇതിനോടകം, എസ് ഡി ആര്‍ എഫില്‍ നിന്നും സി എം ഡി ആര്‍ എഫില്‍ നിന്നുമായി 25 കോടിയിലധികം രൂപ കേരളം അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ മാതാപിതാക്കള്‍ മരണപ്പെട്ട കുഞ്ഞുങ്ങള്‍ക്കുള്ള പ്രത്യേക ധനസഹായം വനിത  ശിശുവികസന വകുപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനം ഇതൊക്കെ ചെയ്തപ്പോള്‍ പി എം എന്‍ ആര്‍ എഫില്‍ നിന്ന് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായമായും ഗുരുതര പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ സഹായമായും ആകെ 3.31 കോടി രൂപ മാത്രമാണ് കേന്ദ്രം ലഭ്യമാക്കിയിട്ടുള്ളത്.
പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് നടത്തി വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ എസ്റ്റിമേറ്റ് അംഗീകരിക്കപ്പെടേണ്ടതുണ്ട്.
മേപ്പാടിയിലെ ദുരന്തത്തെ കേന്ദ്രം തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടില്ല. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളിയിട്ടുമില്ല.
അടിയന്തര ധനസഹായം കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കുക എന്നതും നമ്മള്‍ സമര്‍പ്പിച്ചിട്ടുള്ള മെമ്മോറാണ്ടത്തിലെ ആവശ്യങ്ങള്‍ അനുവദിപ്പിക്കുക എന്നതും നമ്മുടെ റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എസ്റ്റിമേറ്റ് അംഗീകരിപ്പിച്ചെടുക്കുക എന്നതുമാണ് പ്രധാനം. അതിന് കേരളത്തില്‍ നിന്നുള്ള എം പിമാരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എം പിമാരായിട്ടുള്ള കേരളീയരും ഒറ്റക്കെട്ടായി നില്‍ക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കായി 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തുക പ്രീമിയം റവന്യൂ ഷെയറിങിലൂടെ തിരിച്ചടയ്ക്കണമെന്ന് ഇപ്പോള്‍ വ്യവസ്ഥ ചെയ്തിരിക്കുകയാണ്. ഭാവിയില്‍ അത് കേരളത്തിന് 12,000 കോടി രൂപയുടെ വരെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധകവുമല്ല. അതുകൊണ്ടു തന്നെ വിഴിഞ്ഞത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് വ്യവസ്ഥ ഒഴിവാക്കി ഗ്രാന്റായി തന്നെ ലഭ്യമാക്കേണ്ടതുണ്ട്.
എയിംസ് എന്ന നമ്മുടെ ദീര്‍ഘകാലത്തെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. കോഴിക്കോട്ടെ കിനാലൂരില്‍ 200 ഏക്കര്‍ സ്ഥലം എയിംസിനായി ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.
കണ്ണൂര്‍ വിമാനത്താവളം യാത്രക്കാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ അതിന് പോയിന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് ലഭിക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ റെയില്‍വേ വികസനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അങ്കമാലി  ശബരി, നിലമ്പൂര്‍ - നഞ്ചന്‍കോട്, തലശ്ശേരി - മൈസൂര്‍, കാഞ്ഞങ്ങാട് - കണിയൂര്‍ എന്നീ റെയില്‍പാതകള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്. നേമം ടെര്‍മിനലും യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

meeting parliament CM Pinarayi viajan MP central government