കിടന്നുറങ്ങിയ മക്കളെയും ഭാര്യയെയും പൂട്ടിയിട്ട് ദേഹത്ത് ടിന്നര്‍ ഒഴിച്ചശേഷം രണ്ടാനച്ഛന്‍ വീടിന് തീവെച്ചു

പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയിൽ സിജുപ്രസാദ് തീയിടുകയായിരുന്നു

author-image
Devina
New Update
siju

പത്തനംതിട്ട: കിടന്നുറങ്ങിയ മക്കളെയും ഭാര്യയെയും പൂട്ടിയിട്ട് ദേഹത്ത് ടിന്നർ ഒഴിച്ചശേഷം രണ്ടാനച്ഛൻ വീടിന് തീവെച്ചു. വീടിന് തീപിടിച്ചതോടെ ഉറങ്ങിക്കിടക്കുന്ന മുറിക്കുള്ളിൽ നിന്നും അനുജത്തിയെ 15-കാരനായ സഹോദരൻ സാഹസികമായി രക്ഷിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയിൽ സിജുപ്രസാദ് തീയിടുകയായിരുന്നു.

അപകടത്തിൽ പൊള്ളലേറ്റെങ്കിലും 15കാരൻ അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാൻ നോക്കി. പക്ഷേ, പരാജയപ്പെട്ടു. പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകർത്ത് പുറത്തിറക്കിയത്. വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയിൽ ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകൻ പ്രവീൺ (15), ഇളയ മകൾ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് പരിക്കില്ല.വകയാർ കൊല്ലൻപടി കനകമംഗലത്ത് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.പെയിന്റിങ് തൊഴിലാളിയാണ് സിജു.

ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ഉറങ്ങാൻകിടന്ന ഇയാൾ രാത്രി വീടിന് പുറത്തിറങ്ങി മുറിയിലേക്ക് ടിന്നർ ഒഴിച്ചശേഷം കതകിന് മുകളിലുള്ള വെന്റിലേഷനിലൂടെ തീപ്പന്തം എറിയുകയായിരുന്നു. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ തൂങ്ങിയാണ് മുകളിൽ കയറി പ്രവീൺ ഓടിളക്കിമാറ്റി അനുജത്തിയെ പുറത്തിറക്കി. അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടിൽനിന്ന് കൂട്ടക്കരച്ചിൽ ഉയർന്നതോടെ അയൽപക്കത്തുള്ളവർ ഓടിക്കൂടി. കതക് പൊളിച്ചാണ് രജനിയെ രക്ഷപ്പെടുത്തിയത്.

 ഇവർക്ക് കൈയ്ക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. കുടുംബകലഹമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവിൽപോയ സിജുവിനെ പൂങ്കാവിൽനിന്നാണ് പിടികൂടിയത്.