കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ കുറ്റിലഞ്ഞി പുതുപ്പാലത്ത് ആറു വയസുകാരി മുസ്കാനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാനമ്മ ഉത്തർപ്രദേശ് സ്വദേശി അനീഷയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സ്വീകരിച്ചത് തന്ത്രപരമായ സമീപനം. ദുർമന്ത്രവാദത്തിന് അടിമയായ അനീഷ ദേഹത്ത് ജിന്ന് കൂടിയെന്ന് വിശ്വസിച്ചിരുന്നു. മൂന്നുമാസം ഗർഭിണിയുമായിരുന്നു. ഇത് ചോദ്യം ചെയ്യലിന് വെല്ലുവിളിയായി. തുടർന്ന് എറണാകുളം റൂറൽ എസ്.പി ഡോ.വൈഭവ് സക്‌സേന മന്ത്രവാദി നൗഷാദിനെ കസ്റ്റഡിയിൽ എടുത്ത് അയാളെക്കൊണ്ട് വ്യാജപൂജ നടത്തിച്ച് അനീഷയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
മന്ത്രവാദി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ അനീഷയുടെ സംസാരരീതി മാറി. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതടക്കം വെളിപ്പെടുത്തി. പൊലീസിന്റെ നിർദ്ദേശപ്രകാരം, ബാധ ഒഴിഞ്ഞെന്ന് ദുർമന്ത്രവാദി പറഞ്ഞതോടെ അവർ പഴയ അവസ്ഥയിലെത്തി. തുടർന്ന് അനീഷയെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പരിശോധിച്ചെങ്കിലും കുഴപ്പങ്ങളൊന്നും ഇല്ലെന്നായിരുന്നു ഡോക്ടറുടെ റിപ്പോർട്ട്. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി.
സ്വന്തം മക്കളുടെ ഭാവിക്ക് ഭർത്താവ് അജാസ് ഖാന്റെ മകൾ മുസ്കാൻ ഭീഷണിയാകുമെന്ന ആശങ്കയാണ് അനീഷയെ കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യ ഭാര്യയുമായി ഭർത്താവ് വീണ്ടും അടുക്കുന്നതായുള്ള ചിന്തയും കാരണമായി. കസ്റ്റഡിയിലെടുത്ത മന്ത്രവാദി എരമല്ലൂർ സ്വദേശി നൗഷാദിനെയും അജാസ് ഖാനെയും വിട്ടയച്ചു.
ഇരുപത് വർഷത്തിലേറെയായി നെല്ലിക്കുഴിയിലാണ് അജാസ് ഖാൻ താമസിക്കുന്നത്. ഉത്തർപ്രദേശുകാരിയായ ആദ്യ ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ ശേഷമാണ് അതേ നാട്ടുകാരിയായ അനീഷയ്‌ക്കൊപ്പം അഞ്ചു മാസം മുമ്പ് ജീവിതം തുടങ്ങിയത്. അനീഷ ഗർഭിണിയായതോടെ മാനസിക പ്രശ്‌നങ്ങൾ കാണിക്കാൻ തുടങ്ങിയതോടെയാണ് നൗഷാദിനെ മന്ത്രവാദത്തിനായി അജാസ് വീട്ടിൽ എത്തിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കോതമംഗലം നെല്ലിക്കുഴിയിലെ വീട്ടിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.