/kalakaumudi/media/media_files/2026/02/06/sarkkari-2026-02-06-10-38-29.jpg)
തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും. ഓൺലൈനായിട്ടാണ് യോഗം. സർക്കാർ നീക്കത്തെ സർവീസ് സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ശനിയാഴ്ച അവധിയാക്കുന്നതിന് പകരം, മറ്റു പ്രവൃത്തിദിനങ്ങളിലെ സമയം കൂട്ടുന്നതിനെ സർവീസ് സംഘടനകളും ജീവനക്കാരും എതിർത്തേക്കും.നിലവിൽ രണ്ടാം ശനിയാഴ്ച അവധിയാണ്.
വർഷം 40 ശനിയാഴ്ചകളാണ് പുതുതായി അവധി ദിനമാകുക. ഇത്രദിവസം അവധിയാകുമ്പോൾ പകരം ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കേണ്ടതായി വരും. രാവിലെ 45 മിനിറ്റ്, വൈകീട്ട് 15 മിനിറ്റ് എന്നിങ്ങനെ കൂട്ടുന്നതാണ് ആലോചനയിലുള്ളത്. ശനിയാഴ്ച അവധിയാകുന്നതിനാൽ, ജീവനക്കാരുടെ കാഷ്വൽ ലീവ്, ആർജിത അവധി എന്നിവയിലും കുറവ് വരുത്തുന്നതും പരിഗണനയിലാണ്.എന്നാൽ സർക്കാരിന്റെ ഈ നീക്കത്തോട് സർവീസ് സംഘടനകൾക്കും ജീവനക്കാർക്കും എതിർപ്പുള്ളതായി റിപ്പോർട്ടുണ്ട്.
ലീവ് കുറയ്ക്കുന്നതിലും കടുത്ത അതൃപ്തിയുണ്ട്. ഈ വിഷയത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ അന്തിമ തീരുമാനമെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചതും, ഡി എ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്നുമുള്ള സർക്കാർ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ നിർദേശവുമായി മുന്നോട്ടു പോകുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
