![today](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/2024/12/16/WFoCiciLlkBF3nkCWIhJ.jpg)
മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് നിര്‍ദേശം നല്‍കി. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അറിയിച്ചു.
കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒ ആര്‍ കേളു നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മാതനെ വിദഗ്ധ ചികിത്സ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ആദിവാസി യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കര്‍ശന ശിക്ഷ നല്‍കുന്നതിനുമുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. മാതന് ആവശ്യമായ വിദഗ്ധ ചികിത്സ നല്‍കാനും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.മാനന്തവാടി പുല്‍പള്ളി റോഡില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഗഘ 52 ഒ 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. കൂടല്‍ കടവ് ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തര്‍ക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രണ്ട് കാറുകളില്‍ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.