കോതമംഗലം ചെമ്പൻകുഴിയിൽ കാട്ടാന പിഴുതെറിഞ്ഞ പന ദേഹത്തേക്ക് വീണ് ബൈക്ക് യാത്രികയായ എൻജിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് സ്വദേശി സി വി ആൻമേരി (21) ആണ് മരിച്ചത്. ഇവരുടെ സഹപാഠി, ബൈക്ക് ഓടിച്ചിരുന്ന കോതമംഗലം സ്വദേശി അൽത്താഫ് അബൂബക്കറിനെ (21) പരിക്കുകളോടെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥികളാണ്.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് അപകടം ഉണ്ടായത്. ഇടുക്കിയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്നു ആൻമേരിയും അൽത്താഫും. റോഡിന് മുകളിൽ വനത്തിൽ നിന്നിരുന്ന കാട്ടാന മരം പിഴുതെറിയുകയായിരുന്നു.
ഫോറസ്റ്റ് ഗാർഡുകൾ സ്ഥലത്തെത്തി ഇരുവരെയും ജീപ്പിൽ കയറ്റി നേര്യമംഗലത്തും അവിടെ നിന്ന് ആംബുലൻസിൽ കോതമംഗലത്തും എത്തിച്ചെങ്കിലും ആൻമേരിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആൻമേരിയുടെ അച്ഛൻ: സി.ജെ.വിൻസൺ (ഇൻസ്ട്രുമെൻ്റേഷൻ ലിമിറ്റഡ് ജീവനക്കാരൻ). അമ്മ: ജീന (അധ്യാപിക, കഞ്ചിക്കോട് ഗവ. ഹൈസ്കൂൾ). സഹോദരി: റോസ്മേരി.