/kalakaumudi/media/media_files/2024/11/14/M1UbBzDuGAYudLMqQox9.jpg)
കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കരയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്‌കൂളിലെ കിണറ്റില്‍വീണ് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫെബിനാണ് കിണറ്റില്‍ വീണത്. തലയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. എന്നാല്‍ കുട്ടി എങ്ങനെയാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. കാല്‍വഴുതി വീണതാകാമെന്നാണു കരുതുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കിണര്‍ മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തലയ്ക്കും നടുവിനും പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.