/kalakaumudi/media/media_files/2025/07/02/aashirnanda-suicide-2025-07-02-11-31-36.png)
പാലക്കാട് : പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശിര്‍നന്ദയുടെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി പൊലീസ്. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ക്കെതിരെയായിരുന്നു കുടുംബത്തിന്റെ പരാതി.ആത്മഹത്യ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.നിയമോപദേശം തേടിയ ശേഷം അധ്യാപകര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ആത്മഹത്യചെയ്തത്.
മാര്‍ക്ക് അടിസ്ഥാനത്തില്‍ ക്ലാസ് മാറ്റിയിരുത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.സ്‌കൂളിലെ വിദ്യാര്‍ഥികളുള്‍പ്പടെ പ്രതിഷേധവുമായി എത്തിയിരുന്നു.ഇതോടെ അനിശ്ചിതകാലത്തേക്ക് സ്‌കൂള്‍ അടച്ചിടുകയും ചെയ്തിരുന്നു. ആരോപണ വിധേയരായ പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെ അഞ്ച് അധ്യാപകരെ പുറത്താക്കുകയും പുതിയ പിടിഎ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.ആരോപണ വിധേയരായ അധ്യാപകരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.ആശിര്‍നന്ദയുടെ ആത്മഹത്യയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.