പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്‌റ്റൈപന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജര്‍മ്മന്‍ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജര്‍മ്മനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ജര്‍മ്മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്‌സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇതോടൊപ്പം ജര്‍മ്മന്‍ ഭാഷയില്‍ ആ1, ആ2 ലെവല്‍ പാസ്സായവരുമാകണം (ഗോയ്‌ഥേ, ടെല്‍ക്, എന്നിവിടങ്ങളില്‍ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത) അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച്, ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2024 ഒക്ടോബര്‍ 31 നകം അപേക്ഷ നല്‍കാം. അഭിമുഖം 2025 മാര്‍ച്ചില്‍ നടക്കും.
ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയര്‍ റെഡ്‌ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18 നും 27 നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. കഴിഞ്ഞ 6 മാസമായി ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിക്കുന്നവരും നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
നോര്‍ക്ക വഴി പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ പഠനവും ജോലിയും
ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇതോടൊപ്പം ജര്‍മ്മന്‍ ഭാഷയില്‍ ആ1, ആ2 ലെവല്‍ പാസ്സായവരുമാകണം
New Update