/kalakaumudi/media/media_files/2025/10/04/whatsapp-ima-2025-10-04-15-52-07.jpeg)
കൊച്ചി : കേരളത്തിലെ പൊതുഇടങ്ങൾ നവീകരിക്കുന്നതിൽ കൊച്ചി സുഭാഷ് പാർക്ക് മാതൃകയാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സുഭാഷ് പാർക്കിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെയും, പുതുതായി സ്ഥാപിക്കുന്ന ഇന്ററാക്റ്റീവ് പ്ലേ ഏരിയയുടെയും ഓപ്പൺ ജിമ്മിന്റെയും
ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുഇടങ്ങൾ നവീകരിക്കാനുള്ള ടൂറിസം വകുപ്പിന്റെ ഡിസൈൻ പോളിസി ശിൽപശാലയ്ക്ക് ശേഷമുള്ള പ്രധാന ചുവടുവെപ്പാണ് സുഭാഷ് പാർക്ക് നവീകരണം. കൊച്ചി കോർപ്പറേഷന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പദ്ധതിരേഖ ടൂറിസം വകുപ്പിന് കൈമാറുകയായിരുന്നു.
ഭിന്നശേഷി സൗഹൃദം എന്ന സർക്കാരിൻ്റെ പ്രധാന നയം ഇവിടെ മാതൃകാപരമായി നടപ്പിലാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് സംവിധാനം, ഫീഡിംഗ് റൂം, റീഡിംഗ് റൂം, മിനി കഫെറ്റീരിയ എന്നിവ ഉൾപ്പെടുന്ന ടോയ്ലറ്റ് കോംപ്ലക്‌സ് കേരളത്തിലെ മറ്റ് പാർക്കുകൾക്ക് മാതൃകയാണ്. വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന ഇത്തരം സൗകര്യങ്ങൾ ഇനി കേരളത്തിലെ പൊതുഇടങ്ങളിലും ഒരുക്കും.
ടോയ്‌ലെറ്റ് കോംപ്ലക്‌സിൽ മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ സാധിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ കളി ഉപകരണങ്ങൾ, ഓപ്പൺ ജിം, ലാൻഡ്സ്കേപ്പിംഗ് എന്നിവയും നവീകരണത്തിന്റെ ഭാഗമായി പാർക്കിൽ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും അധികം സഞ്ചാരികൾ എത്തുന്നത് കൊച്ചി നഗരത്തിലാണ്. ടൂറിസം മേഖലയിലുള്ള കൊച്ചിയുടെ വളർച്ച കേരളത്തിലെ ടൂറിസത്തിന്റെ വളർച്ചയുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു. കൊച്ചി നഗരം അഭിവൃദ്ധിപ്പെടുന്നതിനനുസരിച്ച് കേരളത്തിലെ ടൂറിസത്തിന്റെ സാധ്യത വർദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ടൂറിസം മേഖല കോവിഡിന് ശേഷം സർവകാല റെക്കോഡിലേക്ക് എത്തുകയാണ്. 2025-ന്റെ ആദ്യ ആറ് മാസം 1 കോടി 19 ലക്ഷത്തിലധികം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്ത് എത്തിയത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 10.5% വർധനയും, കോവിഡിന് മുൻപുള്ളതിനേക്കാൾ 33.75% വർദ്ധനയുമുണ്ട്. കോവിഡിന് ശേഷമുള്ള ടൂറിസം കുതിപ്പിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ എറണാകുളം മുന്നിലാണ്.
​വിദേശ സഞ്ചാരികളുടെ വരവ് ഈ ആറ് മാസം 3,83,000 ആയി വർദ്ധിച്ചു. മുൻ വർഷത്തേക്കാൾ 6.87% ആണിത്. വിദേശ സഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിനായി വൈവിധ്യമാർന്ന നൂതന പദ്ധതികളും പരിപാടികളും സംഘടിപ്പിച്ച് മുന്നോട്ട് പോകുമെന്നും, അതിൽ കൊച്ചി നഗരത്തിന് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സുഭാഷ് പാർക്കിൽ ആരംഭിച്ച മിനി കഫെറ്റീരിയയുടെ ഉദ്ഘാടനം മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു.
വിനോദസഞ്ചാര വകുപ്പിൻ്റെ സഹകരണത്തോടെ രണ്ടര കോടി രൂപ ചെലവഴിച്ചാണ് പാർക്കിൽ കുട്ടികൾക്കായുള്ള പുതിയ ഇൻ്ററാക്റ്റീവ് പ്ലേ ഏരിയയും ഓപ്പൺ ജിംനേഷ്യവും തയ്യാറാക്കുന്നത്.
കൂടാതെ മിനി കഫെറ്റീരിയ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് സംവിധാനം, ഫീഡിങ് റൂം, റീഡിങ് റൂം എന്നിവ ഉൾപ്പെടുത്തി പുതുതായി ഒരു ടോയ്‌ലറ്റ് കോംപ്ലക്സും ഒരുക്കിയിട്ടുണ്ട്. ടോയ്‌ലറ്റിൽ പ്രതിദിനമുണ്ടാകുന്ന മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രകൃതി അധിഷ്ഠിത മലിനജല സംസ്‌കരണ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറിയുടെ സാമ്പത്തിക സഹായത്തോടെ മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ടി ജെ വിനോദ് എംഎൽഎ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ സനിൽ മോൻ, വിദ്യാഭ്യാസ കായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ്, ഡിവിഷൻ കൗൺസിലർ പത്മജ എസ് മേനോൻ, ടൂറിസം വകുപ്പ് ജോയിൻ്റ് ഡയറക്ടർ സുബൈർ കുട്ടി, ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, കൊച്ചി നഗരസഭാ സെക്രട്ടറി പി എസ് ഷിബു, മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.