LDF govt
സര്‍ക്കാര്‍ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂര്‍ത്ത് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും ജനം അറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയിലുണ്ടായ വര്‍ധനവിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടായിരുന്നെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്ത് വന്നത്. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ പതിനെട്ട് നിയമസഭ മണ്ഡലങ്ങളില്‍ മാത്രമാണ് പിണറായി സര്‍ക്കാരിന് പാസ്സ് മാര്‍ക്ക് ലഭിച്ചത്. ശേഷിക്കുന്ന 122 നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് എംഎല്‍എമാര്‍ അമ്പേ പരാജയപ്പെട്ടു. ജനകീയ പരീക്ഷയില്‍ തോറ്റവരാണ് എല്‍ഡിഎഫിന്റെ ജനപ്രതിനിധികളെന്നും സുധാകരന്‍ പറഞ്ഞു.
അഴിമതിമുക്ത കേരളം എന്ന പച്ചനുണയാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോട്ടിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അഴിമതി എല്ലാ വകുപ്പിലും പ്രകടമാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും മന്ത്രിമാരും എല്ലാം അഴിമതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമാണ്. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ബാര്‍ ഉടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെന്ന ശബ്ദസന്ദേശവും മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ മാസപ്പടിയായി കോടികള്‍ കൈപ്പറ്റിയതും പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ കയ്യൊപ്പ് പതിഞ്ഞവയാണ്.