തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും 24, 25 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് തിരുവന്തപുരത്ത് കനത്ത മഴ ലഭിച്ചിരുന്നു. ഒരു മണിക്കൂറിൽ 77 മില്ലിമീറ്റര്‍ മഴയാണ് തിരുവനന്തപുരം നഗരത്തില്‍ പെയ്തത്. തിരുവനന്തപുരം സിറ്റിയിൽ 77 മില്ലിമീറ്ററും, കിഴക്കേ കോട്ടയിൽ 67 മില്ലിമീറ്റര്‍ മഴയും ലഭിച്ചിരുന്നു. കനത്ത മഴയെത്തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇടിമിന്നലും മോശം കാലാവസ്ഥയും കാരണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിരുന്നു. ഇന്നും വൈകിട്ട് തിരുവനന്തപുരത്ത് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.