/kalakaumudi/media/media_files/2025/12/10/sunny-joseph-2025-12-10-10-55-13.jpg)
തിരുവനന്തപുരം: വോട്ടെടുപ്പ് ദിനത്തില്‍ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനറുടെ അഭിപ്രായ പ്രകടനം ഒഴിവാക്കാമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂര്‍ പ്രകാശിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. പാര്‍ട്ടി നിലപാട് താന്‍ വിശദീകരിച്ചതാണെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയാണെന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം മെച്ചപ്പെട്ട പ്രകടനമുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇന്നലെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വെറുതെ വിട്ട ദിലീപിനെ പിന്തുണച്ച് അടൂര്‍ പ്രകാശ് രംഗത്തെത്തിയത്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നും സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചുവെന്നും പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
അടൂര്‍ പ്രകാശിനെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമര്‍ശത്തില്‍ അടൂര്‍ പ്രകാശ് മലക്കം മറിഞ്ഞു. താന്‍ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂര്‍ പ്രകാശ്, മാധ്യമങ്ങള്‍ നല്‍കിയത് ഒരു വശം മാത്രമെന്നും വിമര്‍ശിച്ചു. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. വിധി വരുമ്പോള്‍ കോടതിയെ തള്ളിപ്പറയുക തനിക്ക് ബുദ്ധിമുട്ടാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
