മറ്റ് കേസുകളുടെ വാദം നീണ്ടു, 39ാം തവണയും മാറ്റി വച്ച് ലാവ്‌ലിന്‍ കേസ്

നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്ലിന്‍ ഹരജികള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഫെബ്രുവരി ആറിനാണ് ലാവ്‌ലിന്‍ കേസ് ഒടുവില്‍ പരിഗണിച്ചത്.

author-image
Sruthi
New Update
SNC lavlin case

SNC Lavalin Case

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ എസ്എന്‍സി ലാവ്ലിന്‍ കേസ് 39ാം തവണയും സുപ്രീം കോടതി മാറ്റി. അന്തിമ വാദത്തിനായി 113ാം നമ്പറില്‍ ഇന്ന് കേസ് ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ മറ്റ് ഹര്‍ജികളുടെ വാദം കേള്‍ക്കല്‍ നീണ്ടതിനാല്‍ കേസ് അഭിഭാഷകര്‍ ഉന്നയിച്ചില്ല. 2024 ആയതോടെ കേസ് ആരംഭിച്ചിട്ട് എട്ട് വര്‍ഷം പിന്നിടുകയാണ്. പല തവണ മാറ്റിവച്ചതിലൂടെ ഏറെ ചര്‍ച്ചയായതാണ് ലാവ്ലിന്‍ അഴിമതി കേസ്. 8 വര്‍ഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്ലിന്‍ ഹരജികള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. ഫെബ്രുവരി ആറിനാണ് ലാവ്‌ലിന്‍ കേസ് ഒടുവില്‍ പരിഗണിച്ചത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നല്‍കിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുന്‍പാകെയുള്ളത്.

വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജികളും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. 2017ലെ ഹൈക്കോടതി വിധിക്കെതിരായ സി ബി എയുടെ ഹര്‍ജിയിലാണ് വാദം ആരംഭിക്കേണ്ടത്. 2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. പുതിയ തെളിവുകള്‍ ഇല്ലാതെ കോടതിക്കുമുമ്പാകെ വരേണ്ടെന്നു ആദ്യഘട്ടത്തില്‍ തന്നെ സുപ്രിം കോടതി സിബിഐക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികള്‍ കേസ് മാറ്റിവയ്ക്കാന്‍ അപേക്ഷ നല്‍കാന്‍ തുടങ്ങിയതോടെ വാദം കേള്‍ക്കല്‍ അനന്തമായി നീണ്ടുതുടങ്ങി.

ഇതിനിടയില്‍ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എന്‍.വി രമണ, യു.യു ലളിത, എം ആര്‍ ഷാ എന്നിവര്‍ സുപ്രിംകോടതിയില്‍ നിന്നും വിരമിച്ചു. അപ്പോഴും കേസിന്റെ വാദം പോലും ആരംഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. കേസ് വാദിക്കാന്‍ തയ്യാറാണെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷ സി.ബി.ഐ പോലും നല്‍കുന്ന സാഹചര്യങ്ങളുമുണ്ടാതി എന്നത് പ്രസക്തമാണ്.

 

SNC Lavalin Case

SNC Lavalin Case ലാവ്ലിന്‍