സൂരജ് ലാമ: എൻ.ഐ.എ ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസിന് കൈമാറും

കളമശേരി എച്ച്.എം.ടിക്ക് സമീപം ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) കൊച്ചി ബ്രാഞ്ച് ഓഫീസിലെ സി.സി ടിവി ക്യാമറയിൽ പതിഞ്ഞ സൂരജ് ലാമയുടെ ദൃശ്യങ്ങൾ കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് എൻ.ഐ.എ കൈമാറും.

author-image
Shyam
New Update
suraj lama

കൊച്ചി: കളമശേരി എച്ച്.എം.ടിക്ക് സമീപം ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) കൊച്ചി ബ്രാഞ്ച് ഓഫീസിലെ സി.സി ടിവി ക്യാമറയിൽ പതിഞ്ഞ സൂരജ് ലാമയുടെ ദൃശ്യങ്ങൾ കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് എൻ.ഐ.എ കൈമാറും. ദൃശ്യങ്ങൾ ഔദ്യോഗികമായി നൽകണമെന്ന് ആവശ്യപ്പെട്ട് ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം എൻ.ഐ.എയ്ക്ക് കത്ത് നൽകിയതിനെ തുട‌ർന്നാണ് നടപടി.

കളമശേരി എച്ച്.എം.ടിക്ക് സമീപം ചതുപ്പ് പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്ന് കിട്ടിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഒക്ടോബറിൽ കാണാതാകുന്ന ദിവസം രാത്രി11.05ന് എച്ച്.എം.ടിക്ക് സമീപത്തെ ചതുപ്പ് ഭാഗത്തേക്ക് ലാമ പോകുന്ന ദൃശ്യങ്ങൾ എൻ.ഐ.എ ഓഫീസിലെ ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം ക്യാമറ പരിശോധിക്കാൻ എൻ.ഐ.എ അന്ന് അനുമതി നൽകിയിരുന്നു. ഈ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കാൻ വേണ്ടിയാണ് ഔദ്യോഗികമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകിയത്.

ഡി.എൻ.എ പരിശോധനാ ഫലം എത്രയും പെട്ടെന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്കും പൊലീസ് കത്ത് നൽകി.

kochi kalamassery case